വിവാദത്തിനുള്ള സമയമല്ല, സംഭവിച്ചത് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം: മുഖ്യമന്ത്രി


പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്കുണ്ടായത് തീരാ നഷ്ടമാണ്. കുവൈറ്റ് സർക്കാർ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. തുടർനടപടികൾ കുറ്റമറ്റ രീതിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരും വേണ്ട രീതിയിൽ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് നേരിട്ട് പോകുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ദുരന്തം ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വീകരിച്ച നടപടികൾ ഫലപ്രദമാണ്. ഈ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കുവൈറ്റ് സർക്കാർ നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരും ഇതിന്റെ വേഗം കൂട്ടാൻ ശ്രമിക്കണം. ആ കുടുംബങ്ങളെ എത്ര കണ്ട് സഹായിച്ചാലും മതിവരില്ല. ഞെട്ടലോടെയാണ് നാടാകെ ഈ വാർത്ത കേട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുവൈറ്റ് അപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ കൊച്ചിയിലെത്തിയതാണ് മുഖ്യമന്ത്രി.

തന്റെ അഭിപ്രായത്തിൽ ഒരു കാര്യത്തിൽ ശരിയല്ലാത്ത സമീപനം ഉണ്ടായെന്ന് മന്ത്രി വീണാ ജോർ‌ജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിൽ മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിവാദത്തിനുള്ള സമയമല്ലെന്നും ഇതിൽ പിന്നീട് ച‍ർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ശ്രമം ഉണ്ടാവണം. കുവൈറ്റുമായി നിരന്തര ഇടപെടൽ വേണമെന്നും ഏകോപിതമായ ശ്രമങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

article-image

assasasas

You might also like

Most Viewed