മാലദ്വീപ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ പാർട്ടിക്ക് വന്പിച്ച വിജയം


മാലദ്വീപ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടിക്ക് വിജയം. 59 സീറ്റ് നേടിയ പാർട്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഇന്നലെ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചര വരെയായിരുന്നു പോളിംഗ്. 2,07,693(72.96%) പേർ വോട്ട് ചെയ്തു. മാലദ്വീപിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ രാജ്യങ്ങളിലുമായി 602 ബാലറ്റ് പെട്ടികൾ ഒരുക്കിയിരുന്നു. 

ഇന്ത്യയിൽ തിരുവനന്തപുരത്താണ് വോട്ടെടുപ്പിനു സൗകര്യമൊരുക്കിയത്. പാർലമെന്‍റിലെ 93 സീറ്റുകളിലേക്കായി 368 സ്ഥാനാർഥികൾ മത്സരിച്ചു. രണ്ടാം സ്ഥാനത്തെത്തിയ മാൽഡിവിയൻ ഡെമോക്രാറ്റിക് പാർട്ടി പത്തു സീറ്റിൽ വിജയിച്ചു. സ്വതന്ത്രർ ഒന്പതു സീറ്റും മാൽഡീവ്സ് ഡെവലപ്മെന്‍റ് അലയൻസ്(എംഡിഎ) രണ്ടു സീറ്റും നേടി. കഴിഞ്ഞ വർഷം നവംബറിലാണ്, ചൈനാ അനുകൂലിയായ മുയിസു അധികാരമേറ്റത്. കടുത്ത ഇന്ത്യാവിരുദ്ധത പ്രകടിപ്പിക്കുന്ന നേതാവാണ് ഇദ്ദേഹം.

You might also like

Most Viewed