വിഷബാധയേറ്റ് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്


1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട്. വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 65കാരനായ ദാവൂദ് ഇബ്രാഹിം, ഇന്ത്യൻ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. വർഷങ്ങളായി പാകിസ്താനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്. ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ആദ്യഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനില്‍ക്കെ പാകിസ്താനില്‍നിന്നും പഠാന്‍ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.     

കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവർക്ക് 20 ലക്ഷവും ദാവൂദിന്‍റെ സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗർ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു. പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്. 

അധോലോക നായകനായി വളർന്ന ദാവൂദ് ഇബ്രാഹിം 1993ലെ മുംബൈ സ്ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. മുംബൈ സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അൽഖ്വയ്ദ, ലഷ്കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകൾക്ക് ദാവൂദ് സാമ്പത്തിക സഹായം നൽകുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.

article-image

asdasf

You might also like

  • Straight Forward

Most Viewed