ഹെൽത്ത് കെയറർ വീസയിൽ യുകെയിലേക്ക് എത്തുന്നവർക്ക് ആശ്രിത വീസയില്ല

കുടിയേറ്റം നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാർ എടുത്ത നിയന്ത്രണങ്ങൾ ബ്രിട്ടനിലേക്കു കുടിയേറാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാകും. ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പാർലമെന്‍റിൽ അവതരിപ്പിച്ച പുതിയ അഞ്ചിന പദ്ധതിയിൽ ഉൾപ്പെട്ട നിയമ ഭേദഗതികളനുസരിച്ച് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്ന് 38,700 പൗണ്ടായി ഉയർത്തി. ഹെൽത്ത് കെയറർ വീസയിൽ യുകെയിലേക്ക് എത്തുന്നവർക്ക് ആശ്രിത വീസയിൽ പങ്കാളിയെയോ മക്കളെയോ കൂടെകൊണ്ടുവരാമെന്നതും നിർത്തലാക്കി. ബ്രിട്ടനിൽ നിലവിലുള്ള പോയിന്‍റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റം അനുസരിച്ച് സ്‌കിൽഡ് വർക്കറായി വീസ ലഭിക്കുന്നതിനുള്ള മിനിമം വാർഷികശമ്പളം 26,200 പൗണ്ടായിരുന്നു. ഇതു വർധിപ്പിച്ചാണ് 38,700 പൗണ്ടാക്കിയത്.
ആശ്രിത വീസകൾക്ക് അപേക്ഷിക്കാൻ വേണ്ട മിനിമം ശമ്പളം നിലവിൽ 18,600 പൗണ്ടായിരുന്നത് ഏപ്രിൽ മുതൽ 38,700 ആയി ഉയരും. എന്നാൽ, ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ കടുത്ത ആൾക്ഷാമം അനുഭവപ്പെടുന്നതിനാൽ എൻഎച്ച്എസ് ജോലിക്കായി എത്തുന്ന ആളുകളെ ഈ മിനിമം ശമ്പളപരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യ കെയർ ഹോമുകളിൽ ജോലിക്കെത്തുന്ന കെയർ വീസക്കാരെയാണ് പുതിയ ഈ ഭേദഗതികൾ കൂടുതൽ ബാധിക്കുക. ബ്രിട്ടനിൽ മിക്ക ജോലികൾക്കും തുടക്ക ശമ്പളം വർഷം 35,000 പൗണ്ടിൽ താഴെയാണ് എന്നതിനാൽ ഇനിയാരും ഈ വീസ റൂട്ട് ചൂഷണം ചെയ്യരുത് എന്ന ധാരണയിൽ തന്നെയാണ് സർക്കാർ നിയന്ത്രണം പ്രഖ്യാപിക്കുകയും വിസ ലഭിക്കാനുള്ള അടിസ്ഥാന ശമ്പളം വർധിപ്പിക്കുകയും ചെയ്തിരിക്കുന്നത്.
aewdad