ഗാസയിൽ സഹായമെത്തിക്കുന്ന കാര്യം ചർച്ച ചെയ്യാൻ പാരീസിൽ ഉച്ചകോടി

പലസ്തീനികളെ അവരുടെ ഭവനങ്ങളിൽനിന്നു കുടിയിറക്കുന്നതിൽ ഐക്യരാഷ്‌ട്രസഭയ്ക്കു കൂട്ടുനിൽക്കാനാവില്ലെന്നു യുഎന്നിന്‍റെ സഹായ വിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ്. ഗാസയിൽ സഹായമെത്തിക്കുന്ന കാര്യം ചർച്ച ചെയ്യാൻ പാരീസിൽ ചേർന്ന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്ന വടക്കൻ ഗാസയിലെ ജനങ്ങൾ തെക്കോട്ടു പോകണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. ഇസ്രയേൽ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്ന സുരക്ഷാ സോണുകളിലേക്കു പലസ്തീനികളെ തള്ളിവിടുന്നതിൽ ഐക്യരാഷ്‌ട്രസഭയ്ക്കു പങ്കുപറ്റാനാവില്ലെന്നു ഗ്രിഫിത്ത്സ് കൂട്ടിച്ചേർത്തു.
ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്ന തെക്കൻ ഗാസയിലെ സുരക്ഷിത സോണുകൾ ‘വ്യാജ സോണുകൾ’ ആണെന്നും തെക്കൻ ഗാസയിലാണ് 30 ശതമാനം മരണവും നടക്കുന്നതെന്നും ‘ഡോക്‌ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ മേധാവി ഇസബെൽ ഡിഫോർണി ആരോപിച്ചു. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രേലി സേന പലസ്തീനികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. പാശ്ചാത്യ, അറബ് രാജ്യങ്ങളിലെയും സന്നദ്ധസംഘടനകളിലെയും പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇസ്രയേൽ വിട്ടുനിന്നു.
asdfsdf