ഗാസയിൽ മൂന്നുദിവസത്തേക്കു വെടിനിർത്താനുള്ള ചർച്ചകൾ ഊർജിതമെന്ന് റിപ്പോർട്ട്

ഗാസയിൽ മൂന്നുദിവസത്തേക്കു വെടിനിർത്താനുള്ള ചർച്ചകൾ നയതന്ത്രതലത്തിൽ ഊർജിതമെന്ന് പാശ്ചാത്യമാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളിൽ കുറച്ചുപേരെ ഹമാസ് മോചിപ്പിക്കുന്നതിനു പകരമായി ഇസ്രേലി സേന ഒന്നു മുതൽ മൂന്നുവരെ ദിവസത്തേക്കു വെടിനിർത്തി ഗാസയിൽ കൂടുതൽ സഹായം എത്താൻ അനുവദിക്കുക എന്ന ആശയമാണു ചർച്ച ചെയ്യുന്നത്. വെടിനിർത്തൽ സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വനിതകൾ, കുട്ടികൾ, വയോധികർ, രോഗികൾ എന്നിങ്ങനെയുള്ള ബന്ദികളുടെ മോചനമാണു പരിഗണിക്കുന്നത്. പകരം പരിമിതമായ തോതിൽ ഇന്ധനം അടക്കമുള്ള സഹായവസ്തുക്കൾ ഗാസയിൽ എത്താൻ ഇസ്രയേൽ അനുവദിക്കണം. ഈജിപ്ഷ്യൻ, പാശ്ചാത്യ നയതന്ത്രജ്ഞർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
ഖത്തർ, ഈജിപ്ത്, യുഎസ് എന്നിവരാണു സമാധാനചർച്ചയ്ക്കു നേതൃത്വം നൽകുന്നത്. ഹമാസിനും ഇസ്രയേലിനും ഇടയിൽ മധ്യസ്ഥത നടത്തുന്നത് ഖത്തറാണ്. ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ നടന്ന ചർച്ചയിൽ ഇസ്രേലി പ്രതിനിധിസംഘവും യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവിയും പങ്കെടുത്തു.
asasf