മിസൈൽ ആക്രമണത്തിൽ റഷ്യൻ കമാൻഡർ കൊല്ലപ്പെട്ടതായി ഉക്രൈൻ; അവകാശ വാദം തള്ളി റഷ്യ
അധിനിവേശ ക്രിമിയയിൽ കഴിഞ്ഞയാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യൻ കരിങ്കടൽപ്പടയുടെ കമാൻഡർ അഡ്മിറൽ വിക്തർ സുഖോലോവ് കൊല്ലപ്പെട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. 33 മുതിർന്ന ഓഫീസർമാരും കൊല്ലപ്പെട്ടതായി കൂട്ടിച്ചേർത്തു. എന്നാൽ, ഇതു നിഷേധിച്ച റഷ്യൻ പ്രതിരോധമന്ത്രാലയം അഡ്മിറൽ സുഖോലോവ് ജോലിയിൽ വ്യാപൃതനായിരിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടു. റഷ്യൻ കരിങ്കടൽപ്പടയുടെ ഹെഡ്ക്വാർട്ടേഴ്സിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു മിസൈൽ ആക്രമണമുണ്ടായത്. കെട്ടിടം പൂർണമായി നശിപ്പിച്ചുവെന്നും 105 പേർക്കു പരിക്കേറ്റുവെന്നും യുക്രെയ്ൻ സേന തിങ്കളാഴ്ച അവകാശപ്പെട്ടു. ഒന്പതു സൈനികർ കൊല്ലപ്പെടുകയും രണ്ട് ജനറൽമാർ അടക്കം 16 പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ആക്രമണത്തിനു പിന്നാലെ യുക്രെയ്ൻ സേന അവകാശപ്പെട്ടിരുന്നത്.
എന്നാൽ ഒരു സൈനികനെ കാണാതായി എന്നു മാത്രമാണു റഷ്യ പ്രതികരിച്ചിട്ടുള്ളത്. കൊല്ലപ്പെട്ടുവെന്നു പറയപ്പെടുന്ന അഡ്മിറൽ, റഷ്യൻ പ്രതിരോധമന്ത്രി സെർഗി ഷോയ്ഗുവുമായും മറ്റ് നാവികസേനാ ഉദ്യോഗസ്ഥരുമായും വീഡിയോകോൺഫറൻസിംഗ് നടത്തുന്ന വീഡിയോ ഇന്നലെ റഷ്യ പുറത്തുവിടുകയുണ്ടായി. എട്ടു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഇന്നലെ രാവിലത്തേതാണെന്നും പറഞ്ഞു.
ീബീ

