സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷം; ഇയു സ്ഥാനപതി ആക്രമിക്കപ്പെട്ടു
ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ സ്ഥാനാപതി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു. ഖാർത്തുമിലെ വസതിയിൽ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും യൂറോപ്യന്‍ യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജോസഫ് ബോരെൽ ട്വീറ്റ് ചെയ്തു. സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്നുദിവസത്തെ കലാപത്തിനിടെ നൂറിലേറെ നാട്ടുകാർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരും. ശനിയാഴ്ച രാവിലെയാണു പോരാട്ടം ആരംഭിച്ചത്. തലസ്ഥാനമായ ഖാർത്തുമിലെയും മറ്റു നഗരങ്ങളിലെയും ജനങ്ങൾ മൂന്നു ദിവസമായി വീടുകളിൽത്തന്നെയാണ്. പ്രശ്നം ചര്‍ച്ചചെയ്യാന്‍ യുഎന്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. ഷെല്ലാക്രമണം നേരിട്ടതിനെത്തുടർന്ന് ഖാർത്തുമിലെ രണ്ടു പ്രധാന ആശുപത്രികൾ അടച്ചു. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലും സൈന്യവും ആർഎസ്എഫും ഏറ്റുമുട്ടുകയാണ്. ഖാർത്തുമിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള തന്ത്രപ്രധാനമായ മെറോവ് വ്യോമതാവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതായി ഇരു പക്ഷവും അവകാശപ്പെട്ടു.
ഒക്ടോബർ മുതൽ പട്ടാള-സിവിലിയൻ സമിതി ഭരിക്കുന്ന സുഡാനിൽ, അധികാരം ജനകീയസർക്കാരിനു കൈമാറുന്നതടക്കമുള്ള വിഷയങ്ങളിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള അഭിപ്രായവ്യത്യങ്ങളാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇരുപക്ഷവും മെഷീൻ ഗൺ, ടാങ്ക്, പീരങ്കി എന്നിവ ഉപയോഗിച്ചുള്ള ആക്രമണവും വ്യോമാക്രമണവും നടത്തുന്നു. ഇരു ജനറൽമാരും ചേർന്നാണ് 2021 ഒക്ടോബറിൽ സുഡാനിൽ പട്ടാള അട്ടിമറി നടത്തി ഭരണം പിടിച്ചത്. ഒരു ലക്ഷം അംഗങ്ങളുമായി സുഡാനിൽ വലിയ സ്വാധീനം ചെലുത്തുന്ന ആർഎസ്എഫിനെ സൈന്യത്തിൽ ലയിപ്പിക്കണമെന്ന നിർദേശത്തിൽ ഇരുവർക്കും ഇടയിൽ തർക്കമുണ്ട്. ഇരു നേതാക്കൾക്കും വിവിധ രാജ്യങ്ങളുടെ പിന്തുണയുണ്ട്.
hcxxsz

