ബ്രസീൽ-ചൈന സഹകരണം വര്‍ധിപ്പിക്കാൻ ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ഷി ജിന്‍ പിങ്

ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് തങ്ങളുടേയും ആഗ്രഹമാണെന്ന് ലുല പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൈര്‍ ബോള്‍സൊനാരോയെ മുട്ടുകുത്തിച്ചാണ് ലുല വീണ്ടും ബ്രസീലിന്റെ അധികാരം പിടിച്ചത്. 1990 ന് ശേഷം ഇതാദ്യമായണ് ഒരു സിറ്റിംഗ് പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തില്‍ നിന്ന് പുറത്താകുന്നത്. 2003 മുതല്‍ 2010 വരെ ലുല ബ്രസീലിന്റെ ഭരണാധികാരിയായിരുന്നു. അന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചും നടപ്പാക്കിയും ദശലക്ഷക്കണക്കിന് പേരെയാണ് പട്ടിണിയില്‍ നിന്ന് ലുല കരകയറ്റിയത്. താന്‍ അധികാരത്തിലേക്ക് തിരച്ച് വരുന്നതോടെ അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ലുല പ്രഖ്യാപിച്ചു. ഒപ്പം ആമസോണ്‍ വനനശീകരണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലാവസ്ഥാ വിഷയങ്ങളില്‍ ലോകത്തെ നയിക്കാന്‍ തക്ക ശക്തിയായി ബ്രസീലിനെ വളര്‍ത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
ERFHDH