വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ; പുതിയ മാധ്യമ നിയമം പാസാക്കി തുർക്കി

പുതിയ മാധ്യമ നിയമം പാസാക്കി തുർക്കി പാർലമെന്റ്. വ്യാജ വാർത്തകളോ അല്ലെങ്കിൽ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്ന വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പുതിയ മാധ്യമ നിയമത്തിന് വ്യാഴാഴ്ചയായിരുന്നു തുർക്കി പാർലമെന്റ് അംഗീകാരം നൽകിത്. പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ ഭരണകക്ഷിയായ എ.കെ പാർട്ടിക്കും (എ.കെ.പി) നാഷണലിസ്റ്റ് സഖ്യകക്ഷിയായ എം.എച്ച്.പിക്കും ചേർന്ന് തുർക്കി പാർലമെന്റിൽ 333 സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്. ഇരു പാർട്ടികളിലെയും നിയമനിർമാതാക്കൾ ചേർന്നാണ് ബില്ലിന് അംഗീകാരം നൽകിയത്. എന്നാൽ പ്രതിപക്ഷ നിയമനിർമാതാക്കളും മാധ്യമാവകാശ പ്രവർത്തകരും ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് കണ്ടെത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് സംശയിക്കുന്ന ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ സോഷ്യൽ നെറ്റ്‌വർക്കുകളും ഇന്റർനെറ്റ് സൈറ്റുകളും സർക്കാരിന് കൈമാറണമെന്നും ചട്ടമുണ്ട്. മൂന്ന് വർഷം വരെ തടവുശിക്ഷയും ലഭിക്കും.
അതേസമയം പുതിയ നിയമം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സെൻസർഷിപ്പ് ബിൽ എന്നാണ് പുതിയ നിയമത്തെ വിമർശകർ വിശേഷിപ്പിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന് കേവലം എട്ട് മാസം മാത്രം ബാക്കിനിൽക്കെ മാധ്യമങ്ങൾക്ക് മേലും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലും സർക്കാർ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും അഭിപ്രായമുയരുന്നുണ്ട്.
fif