ഒരാഴ്ച്ചക്കുള്ളിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്


ഒരാഴ്ച്ചക്കുള്ളിൽ തന്നെ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രജപക്‌സെ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ പ്രശ്‌ന പരിഹാരത്തിനാണ് അദ്ദേഹത്തിന്റെ ശ്രമം. പുതിയ സർക്കാരിൽ തന്റെയോ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയോ അനുയായികൾ ഉണ്ടാവില്ല എന്നും പ്രസിഡന്റ് ഉറപ്പുനൽകി. ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിനെ ശക്തിപ്പെടുത്തുമെന്നും ഗോതബായ രജപക്‌സെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞുരാജ്യവ്യാപക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് പ്രസിഡന്റ് ഗോതബായ ജനങ്ങളെ അഭിസംബോധനചെയ്യുന്നത്. 

ക്രമസമാധാന പാലനം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രസിഡന്റ് കൊള്ളയും കൊള്ളിവെപ്പും നടത്തുന്നവരെ കണ്ടാൽ വെടിവെക്കാൻ സൈന്യത്തിന് പുറമെ പൊലീസിനും ഉത്തരവ് നൽകി. പുതിയ സർക്കാർ നിലവിൽ വരുമെന്നും അതുവഴി പ്രസിഡൻസി ഭരണം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയ ഗോതബായ, രാജിവെച്ചൊഴിയണമെന്ന പ്രക്ഷോഭകരുടെ ആവശ്യം തള്ളി. ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിന് കൂടുതൽ അധികാരങ്ങൾ നൽകുമെന്നും പ്രഖ്യാപനമുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടേറസ് ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ എല്ലാ പാർട്ടികളും പ്രശ്‌നപരിഹാരത്തിന് ചർച്ചകളിലൂടെ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം രണ്ടാഴ്ചക്കുള്ളിൽ പുതിയ സർക്കാർ നിലവിൽ വന്നില്ലെങ്കിൽ താൻ രാജിവെച്ച് ഒഴിയുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മേധാവി നന്ദലാൽ വീരസിങ്കെ പറഞ്ഞു. സുസ്ഥിര സർക്കാറിന്റെ പിന്തുണയില്ലാതെ സാമ്പത്തിക പരിഷ്‌കരണ പരിപാടികൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed