യുക്രെയ്ൻ യുദ്ധം: ജി 7 നേതാക്കളുടെ ഉച്ചകോടിയിലേക്കു മോദിക്ക് പ്രത്യേക ക്ഷണം

റഷ്യയ്ക്കെതിരെ വിശാലമായ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അടുത്ത മാസം നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) നേതാക്കളുടെ ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി മോദിയെ പ്രത്യേക അതിഥിയായി ക്ഷണിച്ചതായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സ്ഥിരീകരിച്ചു. റഷ്യയെ അപലപിക്കാൻ ഇന്ത്യ തയാറാകാത്തതിനാൽ ഈ യോഗത്തിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമോയെന്ന ആശയക്കുഴപ്പം നേരത്തെ ഉയർന്നിരുന്നു. യുക്രയിൻ സംഘർഷത്തിൽ ഒരു രാജ്യത്തിനും വിജയിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ പറഞ്ഞു. ഇന്ത്യ സമാധാനത്തെ പിന്തുണയ്ക്കുന്നുവെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി യുദ്ധം അവസാനിപ്പിക്കാൻ അഭ്യർഥിച്ചു യുക്രെയിൻ പ്രതിസന്ധിയുടെ തുടക്കം മുതൽ തർക്കം പരിഹരിക്കാനുള്ള ഏക മാർഗമായി ഞങ്ങൾ വെടിനിർത്തലിനു നിർബന്ധിക്കുകയും ചർച്ചകൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു-. ബെർലിനിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി മോദി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഈ യുദ്ധത്തിൽ വിജയികളൊന്നും ഉണ്ടാകില്ലെന്നും എല്ലാവരും തോൽക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു, അതിനാലാണ് ഞങ്ങൾ സമാധാനത്തെ പിന്തുണയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു. യുക്രേനിയക്കാരുടെ മേലുള്ള മാനുഷിക ആഘാതത്തിന് പുറമേ, എണ്ണ വിലയിലും ആഗോള ഭക്ഷ്യ വിതരണത്തിലും ഉള്ള സമ്മർദവും ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും ഒരു ഭാരം ഉണ്ടാക്കുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം, അധിനിവേശത്തിൽ റഷ്യയെ അപലപിക്കാൻ പ്രധാനമന്ത്രി തയാറായില്ല. യുക്രെയിനിലെ യുദ്ധം നിയമത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമത്തിനു ഭീഷണിയാണെന്നു ജർമൻ ചാൻസലർ ഷോൾസ് ഊന്നിപ്പറഞ്ഞു. യുക്രെയ്നിനെതിരായ ആക്രമണത്തിലൂടെ റഷ്യ അന്താരാഷ്‌ട്ര നിയമത്തിന്‍റെ അടിസ്ഥാന തത്വങ്ങളെ അപകടത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്‌ട്രങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്ന കാര്യത്തിൽ തനിക്കും പ്രധാനമന്ത്രി മോദിക്കും ഒരേ അഭിപ്രായമാണ്. പരസ്പരം യുദ്ധം ചെയ്യുന്നതിലൂടെയല്ല, സാമ്പത്തിക വികസനം ഒരുമിച്ചു സാധ്യമാക്കുന്നതിലൂടെയാണ് മെച്ചപ്പെട്ട കാര്യങ്ങൾ സംഭവിക്കുന്നത് - ഷോൾസ് പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ വരാനിരിക്കുന്ന ചർച്ചകൾക്കു ശക്തമായ പിന്തുണ പ്രകടിപ്പിക്കുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഇരു സർക്കാരുകളും പിന്നീട് ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയും ചാൻസലർ ഒലാഫ് ഷോൾസും ചേർന്ന് ആറാമത് ഇന്ത്യ- ജർമനി ഇന്‍റർ ഗവൺമെന്‍റ് കൺസൾട്ടേഷനുകൾക്കു നേതൃത്വം നൽകി. പ്രതിനിധിതല ചർച്ചകൾക്കു മുമ്പ് ഇരു നേതാക്കളും ഒറ്റയ്ക്കും ചർച്ച നടത്തി.