'വര്‍ഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണം, ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം'; ഈദ്ഗാഹില്‍ പാളയം ഇമാം

വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഈദ്ഗാഹില്‍ ആഹ്വാനം ചെയ്ത് പാളയം ഇമാം ഷുഹൈബ് മൗലവി. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പാളയം ഇമാമിന്റെ പരാമര്‍ഷം. പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളെ അപലപിച്ച അദ്ദേഹം കള്ളപ്രചരണമാണ് നടത്തുന്നത് എന്നും കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ ഈദ് ഗാഹില്‍ പങ്കെടുത്തിരുന്നു.
പിസി ജോര്‍ജ്ജിന്റേത് കേട്ടുകേള്‍വിയില്ലാത്ത പരാമര്‍ശമാണ്. അങ്ങേയറ്റം അപകടകരമായ വാക്കകളാണവ. മുസ്ലിമിന്റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പറയുന്നു. മുസ്ലിം ഭക്ഷണ വസ്തുക്കളില്‍ മരുന്ന് കലര്‍ത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നു. വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയത പ്രസംഗിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം കലാപ അന്തരീക്ഷം ഉണ്ടാകുമ്പോള്‍ അത് കെടുത്തലാണ് വിശ്വാസിയുടെ ഉത്തരവാദിത്വം എന്നും ഡോ. ഷുഹൈബ് മൗലവി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പിസി ജോര്‍ജ് മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിന്റെ മതസൗഹാര്‍ദ പാരമ്പര്യം എടുത്ത് പറഞ്ഞ പാളയം ഇമാം ഇതിനുള്ള ഉദാഹരണങ്ങളും എണ്ണിപ്പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് വിശ്വാസികള്‍ പാളയം പള്ളിമുറ്റത്താണ് വിശ്രമിക്കുന്നത്. പാളയം കത്തീഡ്രലും അങ്ങനെ തന്നെ. അതാണ് നാടിന്റെ പാരമ്പര്യം. ആലുവ അദ്വൈതാശ്രമത്തിലും ഈദ്ഗാഹ് നടക്കുന്നുണ്ട്. വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുത്, ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെയും പാളയം ഇമാം രംഗത്ത് എത്തി. മനുഷ്യന്‍ മനുഷ്യനെ വെട്ടിക്കൊന്ന് പ്രതികാരം ചെയ്യരുത്. വെട്ടിന് വെട്ടും കൊലയ്ക്ക് കൊലയും അംഗീകരിക്കാനാകില്ല. കൊലപാതകത്തെ ആരും ന്യായീകരിക്കരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനം ഭരണഘടന ലംഘനമാണെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദം കൊടുക്കണം. സുപ്രിംകോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടക്കാട്ടി.