യൂറോപ്പുമായുള്ള യാത്രാ ബന്ധം അവസാനിപ്പിച്ച് റഷ്യ


റഷ്യയുടെ യൂറോപ്പുമായുള്ള യാത്രാ ബന്ധം അവസാനിപ്പിച്ചു. യുക്രെയ്‌നെ ആക്രമിച്ചതിനെ തുടർന്ന് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് യൂറോപ്പിനെതിരെ റഷ്യ നീങ്ങിയത്. യൂറോപ്പിലേക്കുള്ള അവസാന തീവണ്ടി സേവനമാണ് ഇന്നലെ പൂർത്തിയാക്കിയത്. റഷ്യയുടെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ നിന്ന് ഫിൻലാൻഡിലേക്കാണ് അവസാന തീവണ്ടി യാത്ര പൂർത്തിയാക്കി മടങ്ങിയത്.

റഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് സേവനം നടത്തുന്ന അലേഗ്രോ എക്‌സ്പ്രസ്സാണ് നിലവിലെ ഉപരോധ സാഹചര്യത്തിലെ അവസാന യാത്ര പൂർത്തിയാക്കിയത്. റഷ്യയിൽ നിന്ന് തനിക്ക് പ്രീയപ്പെട്ടതെല്ലാം എടുത്തുകൊണ്ടാണ് ഫിൻലാന്റുകാർ സ്വന്തം നാട്ടിലേക്ക് മടങ്ങി യെത്തിയത്. ഫിൻലാന്റിൽ ജീവിച്ചിരുന്ന റഷ്യക്കാർ അതേ തീവണ്ടിയിൽ തിരികെ നാട്ടിലേക്ക് മടങ്ങി. റഷ്യ നൽകിയ വിസയുള്ള ഫിൻലാന്റുകാരാണ് മടങ്ങിപ്പോയത്.

റഷ്യയിലെ അന്തരീക്ഷം തീർത്തും അനിശ്ചിതത്വത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളും ലോക രാഷ്‌ട്രങ്ങളും ഉപരോധം ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമാണ്. വിദേശ പൗരന്മാർ റഷ്യയിൽ തുടരുന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു നേട്ടവുമില്ലെന്നും ഫിൻലാന്റിലേക്ക് എത്തപ്പെട്ട വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പറഞ്ഞു.

വിമാന ഗതാഗതത്തിലും നിയന്ത്രണങ്ങൾ വന്നതോടെ യൂറോപ്പിലേക്ക് പോകേണ്ടവർക്ക് ഇനിയുള്ള ആശ്രയം തുർക്കിയും ബെൽഗ്രേഡുമാണ്. ഇതിനും സാധിക്കാത്തവരാണ് റോഡ് മാർഗ്ഗവും തീവണ്ടിമാർഗ്ഗവും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ഇന്നുകൊണ്ട് യൂറോപ്പിലേക്കുള്ള എല്ലാ തീവണ്ടി സേവനങ്ങളും അവസാനിക്കുമെന്ന് റഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed