ഒരു കിലോ അരിക്ക് 448 ലങ്കൻ രൂപ പാലിന് 263 രൂപ: ശ്രീലങ്കയിൽ പ്രതിഷേധം പുകയുന്നു
വിലക്കയറ്റം രൂക്ഷമായതിൽ പ്രതിഷേധിച്ച് ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങി. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രീലങ്കൻ രൂപയുടെ മൂല്യം സർക്കാർ 36 ശതമാനം കുറച്ചിരുന്നു. ഇതോടെ അവശ്യവസ്തുക്കളുടെ വില കുത്തനേ ഉയർന്നു. അരി ഒരു കിലോയ്ക്ക് 448 ലങ്കൻ രൂപയായി. ഒരു ലിറ്റർ പാലിന് 263 രൂപ നൽകണം. പെട്രോളിന് ലിറ്ററിന് 283 രൂപയും. പെട്രോളിനും ഡീസലിനും 40 ശതമാനം വിലകൂടി. ഇതോടെ, ജനം പ്രസിഡന്‍റ് ഗോട്ടോഭയ രാജപക്‌സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട തെരുവിലിറങ്ങി.
ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് പ്രസിഡന്‍റിനെതിരെ പ്രതിഷേധം രൂക്ഷമായത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ അണിനിരന്നത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്.
പെട്രോൾ വാങ്ങാൻ ജനം മണിക്കൂറുകൾ കാത്ത്കിടക്കുകയാണ്. ഗതാഗത സംവിധാനവും താറുമാറായ സ്ഥിതിയിലാണ്. പ്രവർത്തന മൂലധനമില്ലാത്തതിനാൽ വൈദ്യുതനിലയങ്ങളും അടച്ചു. ഇതോടെ ദിവസം ഏഴര മണിക്കൂർ സമയത്തെ പവർകട്ടാണ് ഏർപ്പെടുത്തിയത്. ഒരു ബില്യൺ ഡോളർ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ധനമന്ത്രി ബേസിൽ രാജപക്സ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ വർഷം ഇത് വരെ 140 കോടി ഡോളർ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയത്.

