വിവാഹാഭ്യർത്‍ഥന നടത്തിയ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്
തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ മൂന്നു സഹോദരിമാരെയും ഒരേ സമയം വിവാഹം കഴിച്ച് യുവാവ്. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം. ലുവിസോ എന്ന യുവാവാണ് മൂന്നു സഹോദരിമാരെയും ഭാര്യമാരാക്കിയത്. കോംഗോയിൽ ഒന്നിലധികം ജീവിതപങ്കാളിയെ സ്വീകരിക്കാൻ നിയമപരമായ സ്വാതന്ത്ര്യമുണ്ട്. മൂന്നു പേരും തന്നെ ഭർത്താവായി മതിയെന്ന് വാശി പിടിച്ചാൽ എന്തുചെയ്യുമെന്നാണ് ലുവിസ ചോദിക്കുന്നത്. നടാഷ, നതാലി, നദെഗെ എന്നിവരാണ് ലുവിസോയെ ഭർത്താവായി തെരഞ്ഞെടുത്തത്. ഇവർ മൂന്നു പേരും ഒരേ സമയത്ത് ജനിച്ചവരാണ്.
കോംഗോയുടെ കിഴക്കൻ ഭാഗത്ത് സൗത്ത് കിവുവിൽ സ്ഥിതി ചെയ്യുന്ന കലെഹെയിൽ വച്ചാണ് വിവാഹം നടന്നത്. മകൻ മൂന്നു പേരെയും വിവാഹം കഴിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ലുവിസോയുടെ മാതാപിതാക്കൾ വിവാഹത്തിൽ പങ്കെടുത്തില്ല. ആദ്യം നതാലിയുമായാണ് ഇഷ്ടത്തിലായതെന്നും പിന്നീടാണ് രണ്ടു സഹോദരിമാരെ കണ്ടതെന്നും ലുവിസോ പറഞ്ഞു. ലുവിസോയുടെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽതന്നെ തങ്ങൾ എല്ലാം പങ്കുവെച്ചാണ് ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചൊരു ദാമ്പത്യജീവിതം ബുദ്ധിമുട്ടള്ളതല്ലെന്നും സഹോദരിമാർ പറഞ്ഞു.

