യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ വ്യോമാക്രമണം


യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിന നേരെ റഷ്യയുടെ വ്യോമാക്രമണം. പുലർച്ചെ ഇരുട്ടിലാണ് ആണവനിലയത്തിനു നേർക്ക് റഷ്യൻ ആക്രമണം ഉണ്ടായത്. പ്ലാന്റിലെ ‌അഞ്ച് നിലകളുള്ള പരിശീലന കേന്ദ്രത്തിനു നേർക്കായിരുന്നു ആക്രമണം. ഷെല്ലാക്രമണത്തിൽ കെട്ടിടം തീപിടിച്ച് കത്തി. റഷ്യ ആക്രമണം തുടർന്നത് സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ എത്തുന്നതിന് തടസമായി.

ഒരു മണിക്കൂറോളം അഗ്നിശമന സേനയെ റഷ്യൻ സൈന്യം പ്രദേശത്ത് എത്തുന്നതിൽനിന്നും തടഞ്ഞതായും പറയുന്നു. ഇതോടെ സമീപ കെട്ടിടത്തിലേക്കും തീ പടരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രാദേശിക സമയം പുലർച്ചെ 05:20 ന് തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി അഗ്നിശമന സേന പറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനു നേർക്കാണ് റഷ്യ ആക്രമണം നടത്തിയത്. പരിശീലന കേന്ദ്രത്തിലും ലാബോർട്ടറിയിലുമാണ് തീപിടിത്തമുണ്ടായതെന്ന് ആണവനിലയ ഡയറക്ടർ അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെർണോബ് ആണവദുരന്തം “ആവർത്തിക്കാൻ’ മോസ്കോ ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി ആരോപിച്ചു. റഷ്യയല്ലാതെ ഒരു രാജ്യവും ആണവനിലയങ്ങൾക്കു നേരെ ആക്രമണം നടത്തില്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഭീകര രാഷ്ട്രം ഇപ്പോൾ ആണവ ഭീകരതയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. പൊട്ടിത്തെറി ഉണ്ടായാൽ അത് എല്ലാത്തിന്‍റേയും അവസാനമാണ്. യൂറോപ്പിന്‍റെ അവസാനം. ഇതാണ് യൂറോപ്പിന്‍റെ ഒഴിപ്പിക്കൽ. യൂറോപ്പ് ഉടനടി നടപടി സ്വീകരിച്ചാൽ മാത്രമേ റഷ്യൻ സൈന്യത്തെ തടയാൻ കഴിയുവെന്നും സെലൻസ്കി പറഞ്ഞു. ആണവനിലയത്തിനു നേർക്കുണ്ടായ ആക്രമണം സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നേതാക്കളുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed