കോവാക്സിന് ആഗോള അംഗീകാരം നൽകാതെ ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് ആഗോള അംഗീകാരം നൽകാതെ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). കോവാക്‌സിൻ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ (ഇയുഎൽ) ഉൾപ്പെടുത്താൻ കൂടുതൽ തെളിവുകൾ വേണമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശ സമിതി അറിയിച്ചു. കോവാക്‌സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. കോവാക്‌സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് ചർച്ചകൾക്കായി സാങ്കേതിക ഉപദേശ സമിതി നവംബർ മൂന്നിന് വീണ്ടും യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ട്വീറ്റിലൂടെ അറിയിച്ചു.
ഇന്നത്തെ യോഗത്തിൽ കോവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോകാരോഗ്യസംഘടനയുടെ നിർദേശപ്രകാരം ഭാരത് ബയോടെക്കിൽ കൂടുതൽ രേഖകളും പരീക്ഷണ റിപ്പോർട്ടുകളും സമർപ്പിച്ചെങ്കിലും പരിശോധനയിൽ സംഘടനാ സമിതിക്ക് കാര്യങ്ങൾ തൃപ്തികരമായില്ല. പുതിയതോ ലൈസൻസില്ലാത്തതോ ആയ ഉൽപന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകുന്നതിന്‍റെ പ്രധാന ഘട്ടമാണ് അടിയന്തര ഉപയോഗാനുമതി പട്ടികയിൽ (ഇയുഎൽ) ഉൾപ്പെടുത്തുകയെന്നത്. അടുത്ത യോഗത്തിൽ അടിയന്തര ഉപയോഗാനുമതി നൽകുമെന്നാണു കരുതുന്നത്. കോവാക്‌സിൻ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരമില്ല.