അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് താലിബാൻ; മുല്ല ഹസൻ അഖുന്ദ് പ്രധാനമന്ത്രിയാകും


കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് താലിബാൻ. മുല്ല ഹസൻ അഖുന്ദ് പ്രധാനമന്ത്രിയും മുല്ല അബ്ദുൾ‍ ഗനി ബറാദർ ഉപപ്രധാനമന്ത്രിയുമാകും. മൗലവി ഹന്നാഫി അഫ്ഗാനിലെ രണ്ടാമത്തെ ഉപനേതാവാകുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചു. ധീരമായി പൊരുതിനിന്ന പഞ്ച്ശീർ പ്രവിശ്യ കീഴടക്കിയതിന് പിന്നാലെയാണ് താലിബാൻ‍ സർ‍ക്കാർ‍ രൂപീകരിച്ചത്. മുല്ല യാക്കൂബാണ് ആക്ടിംഗ് പ്രതിരോധ മന്ത്രി. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീൻ ഹഖാനി ആക്ടിംഗ് ആഭ്യന്തര മന്ത്രിയാകും. അമീർ‍ മുതാഖിക്കാണ് വിദേശകാര്യം. ഷേർ‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. 

നിയമ വകുപ്പ് അബ്ദുൾ‍ ഹക്കീമിനാണ്. കഴിഞ്ഞമാസം 15ന് കാബൂൾ പിടിച്ച് അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഭീകരർ അമേരിക്കൻ സേന രാജ്യം വിട്ട 31നു പിന്നാലെ പുതിയ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണം വൈകാൻ കാരണം താലിബാനും അവരെ സഹായിക്കുന്ന ഹാഖാനി തീവ്രവാദ ശൃംഖലയും തമ്മിലുള്ള തർക്കമാണെന്നുമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെയാണ് ഇടക്കാല സർക്കാർ രൂപീകരിച്ച് കൊണ്ടുള്ള താലിബാന്‍റെ പ്രഖ്യാപനം എത്തുന്നത്. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. പഴയ താലിബാൻ സർ‍ക്കാരിൽ‍ വിദേശകാര്യ മന്ത്രിയായിരുന്നു മുല്ല ഹസൻ അഖുന്ദ്.

You might also like

Most Viewed