ഐഡ ചുഴലിക്കൊടുങ്കാറ്റ്: അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 46 ആയി


ന്യൂയോർക്ക്: ന്യൂയോർക്ക്, ന്യൂജഴ്സി സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന തെക്കുകിഴക്കൻ അമേരിക്കയിൽ പേമാരിയിലും മിന്നൽപ്രളയത്തിലുമായി മരിച്ചവരുടെ എണ്ണം 46 ആയി. ഐഡ ചുഴലിക്കൊടുങ്കാറ്റാണു ദുരന്തത്തിനു കാരണം. ഏതാനും ദിവസം മുൻപ് ലൂയിസിയാന സംസ്ഥാനത്ത് ഐഡ കനത്ത നാശം വിതച്ചിരുന്നു. ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗവർണർമാർ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് നഗരത്തിൽ ഒരു മണിക്കൂറിനിടെ എട്ടു സെന്‍റിമീറ്റർ മഴയാണു പെയ്തത്. ന്യൂയോർക്കിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ ഒട്ടുമുക്കാൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകളും വെള്ളത്തിലായി. ഇരുസംസ്ഥാനങ്ങളിലും റെയിൽ, വ്യോമ ഗതാഗതം വ്യാപകമായി തടസപ്പെട്ടു. കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. 

വീടുകളുടെ നിലവറകളിൽ വെള്ളം കയറിയാണു ചിലരുടെ മരണം. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. ന്യൂയോർക്ക്, ബ്രൂക്ക്ലിൻ, ക്വീൻസ് നഗരങ്ങളിലും ലോംഗ് ഐലൻഡിന്‍റെ ചില ഭാഗങ്ങളിലും മാസച്ചുസെറ്റ്സ്, റോഡ് ഐലൻഡ് സംസ്ഥാനങ്ങളിലും ചുഴലിക്കൊടുങ്കാറ്റ് വീശാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed