മരട് ഫ്‌ളാറ്റ് കേസ്: നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മരട് ഫ്‌ളാറ്റ് കേസിൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ സർക്കാരിന് തിരികെ ലഭിക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
ഫ്‌ളാറ്റ് പൊളിച്ചതിന് സർക്കാരിന് ചെലവായ 3,24,80,529 രൂപ നിർമ്മാതാക്കളിൽ നിന്നും ഈടാക്കി നൽകണം. കൂടാതെ നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും നിർമ്മാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. 248 ഫ്‌ളാറ്റ് ഉടമകൾക്കായി സംസ്ഥാന സർക്കാർ 62 കോടി നഷ്ടപരിഹാര ഇനത്തിൽ കൈമാറിയെന്നും ഈ തുക തിരികെ ലഭിക്കണമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ പൊളിച്ചു മാറ്റിയ മരടിലെ രണ്ട് ഫ്‌ളാറ്റ് നിർമ്മാതാക്കൾ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബാലകൃഷ്ണൻ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നിലപാടറിയിച്ച് രംഗത്തെത്തിയത്. ഗോൾഡൻ കായലോരത്തിന്റെ നിർമ്മാതാക്കൾ രണ്ട് കോടി എൺപത്തിയൊന്ന് ലക്ഷവും ജയിൻ ഹൗസിംഗ് കൺസ്ട്രക്ഷൻസ് രണ്ട് കോടിയും നൽകി. ആൽഫാ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരേയും തുകയൊന്നും നൽകിയതായി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടില്ല.