മൊഡേണ വാക്‌സിന് അനുമതി നൽകാനൊരുങ്ങി കാനഡ


ഒട്ടാവ: മൊഡേണ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന് ഈ മാസം തന്നെ അനുമതി നൽകാനൊരുങ്ങി കാനഡ. ഇതനുസരിച്ച് മൊഡേണ വാക്സിന്റെ 40 മില്യൺ ഡോസുകൾക്കാണ് കാനഡ ഓഡർ നൽകിയിട്ടുള്ളത്. പൗരന്മാർക്കെല്ലാം വാക്സിൻ സൗജന്യമായാവും ലഭ്യമാക്കുക. ആദ്യഘട്ടത്തിൽ കൊവിഡ് പിടിപെടാൻ സാധ്യത ഏറ്റവും കൂടുതൽ ഉള്ളവർക്ക് മാത്രമാകും വാക്‌സിൻ നൽകുക.

ഫൈസർ/ബയേൺടെക് എന്നിവ വികസിപ്പിച്ച വാക്സിന് കാനഡ നേരത്തെതന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്സിൻ തിങ്കളാഴ്ച രാജ്യത്തെത്തി വിതരണം ചെയ്യാനിരിക്കെയാണ് മൊഡേണയുടെ വാക്സിനും കാനഡ അനുമതി നൽകുന്നത്.

വാക്‌സിനെക്കുറിച്ച് മൊഡേണയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ അവരുടെ വാക്സിന് അനുമതി നൽകുമെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ അഡൈ്വസർ ഡോ. സുപ്രിയ ശർമ വ്യക്തമാക്കി. രാജ്യത്ത് വാക്‌സിൻ എത്തുന്നതിന്റെ സന്തോഷത്തിൽ കാനഡ ഫെഡറൽ മിനിസ്റ്റർ ആനിത ആനന്ദ് പ്രത്യാശ പ്രകടിപ്പിച്ചു.

ഫൈസറിന്റെ വാക്സിനെ അപേക്ഷിച്ച് മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിച്ചാൽ മതി എന്നതാണ് മൊഡേണ വാക്സിന്റെ പ്രത്യേകത. ഫൈസറിന്റെ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

You might also like

  • Straight Forward

Most Viewed