അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ആര്?
വാഷിങ്ടൺ: അമേരിക്കയിലെ പുതിയ പ്രസിഡന്‍റിനെ ഇന്ന് അറിയാനാകുമെന്നാണ് സൂചന. സിഎൻഎൻ റിപ്പോർട്ട് പ്രകാരം നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ട്രംപിന് 213 ഇലക്ട്രൽ വോട്ടും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് 253 വോട്ടുകളുമാണുള്ളത്. അതേസമയം ബൈഡന് 264 വോട്ടും ട്രംപിന് 214 വോട്ടും ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് പോലെയുള്ള വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ പുരോഗമിക്കുന്ന നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് ഫലം നിർണിയിക്കുക. ഇതിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തിയ ജോർജിയയിലെയും പെൻസിൽവാനിയയിലെയും ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്. ഇവിടെ രണ്ടിടത്തും ജോ ബൈഡൻ നടത്തിയ മുന്നേറ്റം മത്സരം ഉദ്വേഗജനകമാക്കിയിട്ടുണ്ട്.
99 ശതമാനം വോട്ടെണ്ണി കഴിഞ്ഞ ജോർജിയയിൽ ട്രംപിന് 3500ൽപ്പരം വോട്ടുകളുടെ ലീഡാണുള്ളത്. കഴിഞ്ഞ ദിവസം 30000ൽ അധികം വോട്ടുകൾക്കാണ് ഇവിടെ ട്രംപ് ലീഡ് ചെയ്തിരുന്നത്. അന്തിമ വോട്ടുകൾ ഇവിടെ ഏറെ നിർണായകമാണ്. ജോർജിയയിൽ 16 ഇലക്ട്രൽ വോട്ടുകളാണുള്ളത്. 20 ഇലക്ട്രൽ വോട്ടുകളുള്ള പെൻസിൽവാനിയയിലും ജോ ബിഡൻ അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത്. ഇവിടെ ട്രംപിന്‍റെ ലീഡ് കഴിഞ്ഞ ദിവസത്തെ ഒന്നരലക്ഷത്തിൽനിന്ന് 65000 ആയി ചുരുക്കാൻ ബിഡന് സാധിച്ചു.

