അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങി
വാഷിംഗ്ടൺ ഡിസി: ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറുന്നതിന് അമേരിക്ക തീരുമാനിച്ചു. വൈറ്റ് ഹൗസിലെയും ലോകാരോഗ്യ സംഘടനയിലെയും ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച്ച മുതൽ അമേരിക്ക ലോകാരോഗ്യസംഘടനയുടെ അംഗമല്ലെന്നും തീരുമാനം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി അറിയിച്ചെന്നുമാണ് റിപ്പോർട്ട്. യുഎൻ വക്താവ് സ്റ്റീഫൻ ഡുജെറിക് ഇക്കാര്യം സ്ഥിരീകരിച്ചു.
കോവിഡ് വിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കാൻ തീരുമാനിച്ചെന്നും ട്രംപ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന് പിന്നിൽ ചൈനയാണെന്നും ലോകാരോഗ്യ സംഘടന ചൈനയെ സംരക്ഷിക്കാൻ ശ്രമിക്കുകയുമാണെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ട്രംപ് ഉയർത്തിയത്.

