യുഎന്നിന് നല്‍കാനുള്ള വിഹിതം എല്ലാ രാജ്യങ്ങളും കൊടുത്തു തീർക്കണം: അമേരിക്കയെ പരോക്ഷമായി വിമർശിച്ച് ചൈന

ബെയ്ജിംഗ്: യുഎന്നില്‍ അംഗമായിരിക്കുന്ന എല്ലാ രാജ്യങ്ങളും തങ്ങളുടെ വിഹിതം കൊടുത്തു തീര്‍ക്കണമെന്ന് അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ചൈന. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ചൈന ഇക്കാര്യം അറിയിച്ചത്. മേയ് 14ലെ കണക്കുകള്‍ പ്രകാരം യുഎന്‍ ബജറ്റിലെ 1.63 ബില്യണ്‍ ഡോളറും സമാധാന പരിപാലന ബജറ്റിലെ 2.14 ബില്യണ്‍ ഡോളറും ബാധ്യതയായി നില്‍ക്കുകയാണെന്ന് ചൈന ഓര്‍മിപ്പിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അമേരിക്ക യുഎൻ ബജറ്റിലേക്ക് 1.165 ബില്യണ്‍ ഡോളറും സമാധാന ദൗത്യത്തിനായുള്ള 1.332 ബില്യണ്‍ ഡോളറും നല്‍കിയിട്ടില്ലെന്ന് ചൈന കൂട്ടിച്ചേര്‍ത്തു.
യുഎന്നിന് എറ്റവും കൂടുതല്‍ പണം സംഭാവനയായി നല്‍കുന്ന രാജ്യമാണ് അമേരിക്ക. യുഎന്നിലേക്ക് 22 ശതമാനം പണമാണ് അമേരിക്ക സംഭാവനയായി നല്‍കുന്നത്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളറാണ് അമേരിക്ക എല്ലാ വര്‍ഷവും യുഎന്നിന് നല്‍കുന്നത്. കൂടാതെ യുഎന്നിന്‍റെ സമാധാന ദൗത്യങ്ങള്‍ക്കായുള്ള ഏകദേശം ആറ് ബില്യണ്‍ ഡോളറും അമേരിക്ക എല്ലാ വര്‍ഷവും നല്‍കണം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 27.89 ശതമാനം പണമാണ് സമാധാന ദൗത്യങ്ങള്‍ക്കായി അമേരിക്ക യുഎന്നിന് നല്‍കുവാനുള്ളത്. എന്നാല്‍ ട്രംപിന്‍റെ തീരുമാന പ്രകാരം 2017ല്‍ ഈ അടവ് 25 ശതമാനമായി കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഷിക സംഭാവനയില്‍ 200 മില്യണ്‍ ഡോളറിന്‍റെ കുറവ് വരും.
എന്നാല്‍ കോവിഡ് വ്യാപന തടയുന്നതിലുള്ള പരാജയം മറച്ചു വയ്ക്കുന്നതിനാണ് ചൈന ഈ വിഷയം ഉയര്‍ത്തുന്നതെന്ന് അമേരിക്ക ആരോപിച്ചു. സമാധാന ദൗത്യങ്ങള്‍ക്കായുള്ള 726 മില്യണ്‍ ഡോളര്‍ അമേരിക്ക യുഎന്നിന് നല്‍കിയെന്നും ബാക്കി തുക വര്‍ഷാവസാനത്തോടെ കൈമാറുമെന്നും അമേരിക്ക വ്യക്തമാക്കി. കുടിശികയായുള്ളത് 888 മില്യണ്‍ ഡോളറാണുള്ളത്. 2017 മുതല്‍ 25 ശതമാനം തുക അടയ്ക്കുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. 193 അംഗ രാജ്യങ്ങളിൽ 50 രാജ്യങ്ങള്‍ തങ്ങളുടെ വിഹിതം പൂര്‍ണമായും യുഎന്നിന് നല്‍കിയിട്ടുണ്ട്. ചൈനയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രണ്ടാമത്തെ രാജ്യം.