വിമാനത്തിൽ ഉറങ്ങിപ്പോയ യുവതി ഞെട്ടിയുണർന്നപ്പോൾ
ടൊറോന്റോ: എയർ കാനഡ വിമാനത്തിൽ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാർ സ്ഥലംവിട്ടു. കാനഡയിലെ ടൊറാന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ മാസം ആദ്യമായിരുന്നു സംഭവം. ഒടുവിൽ റൺവേയിൽ നിന്ന് ഏറെ അകലെയായി നിർത്തിയിട്ടിരുന്ന വിമാനത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് സാഹസികമായി.
എയർ കാനഡ വിമാനത്തിൽ ക്യൂബെക്കിൽ നിന്ന് ടൊറോന്റോയിലേക്ക് യാത്രചെയ്ത ടിഫാനി ആദംസ് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ക്യൂബെക്കിൽ നിന്ന് യാത്രതിരിച്ച ടിഫാനി വിമാനത്തിൽവച്ച് ഉറങ്ങിപ്പോയിരുന്നു. എന്നാൽ വിമാനം ടൊറാന്റോ വിമാനത്താവളത്തിലെത്തിയിട്ടും യുവതിയെ വിളിച്ചുണർത്താൻ ജീവനക്കാരോ വിമാനത്തിലെ മറ്റു യാത്രക്കാരോ ശ്രദ്ധിച്ചില്ല. തുടർന്ന് വിമാനത്തിലെ കൂരിരുട്ടിലേക്കാണ് ടിഫാനി ഉറക്കമുണർന്നത്. കണ്ണു തുറന്നപ്പോൾ ചുറ്റും ഇരുട്ടായതിനാൽ സ്വപ്നമാണെന്നായിരുന്നു ആദ്യം കരുതിയത്. താൻ മാത്രമേ വിമാനത്തിനകത്തുള്ളൂവെന്ന് അൽപസമയത്തിനകം മനസിലായി.
പരിഭ്രാന്തയായ ടിഫാനി ഉടൻ തന്നെ മൊബൈലിൽ സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ബാറ്ററി ചാർജ് ഇല്ലാത്തതിനാൽ ഫോൺ സ്വിച്ച് ഓഫായി. ഇതോടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിമാനത്തിൽ വൈദ്യുതിയുണ്ടായിരുന്നില്ല.
തുടർന്ന് വിമാനത്തിനുള്ളിലെ കൂരിരുട്ടിൽ ടിഫാനി കോക്പിറ്റിലെത്തി. അവിടെ നിന്ന് ഒരു ടോർച്ച് ലഭിച്ചത് സഹായകമായി. ടോർച്ച് തെളിച്ച് വിമാനത്തിന്റെ വാതിൽ ബലമായി തുറന്നു. ഏകദേശം അമ്പതടിയോളം ഉയരത്തിൽ നിന്ന് താഴേക്ക് ചാടാൻ യുവതി ഭയപ്പെട്ടു. ഇതോടെ കൈയിലെ ടോർച്ച് തെളിയിച്ച് വിമാനത്താവളത്തിലെ ജീവനക്കാരെ വിവരമറിയിക്കാൻ ശ്രമിച്ചു. ഒടുവിൽ വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെത്തിയാണ് ടിഫാനിയെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചത്.
യുവതിക്കുണ്ടായ ദുരനുഭവത്തിൽ എയർ കാനഡ പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.

