ട്രംപിന്റെ യാത്രാവിലക്ക് സുപ്രീംകോടതി ശരിവെച്ചു
വാഷിംഗ്ടൺ ഡിസി : വിവിധ മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് അമേരിക്കയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നടപടി അമേരിക്കൻ സുപ്രീംകോടതി ശരിവെച്ചു. യാത്രാ വിലക്ക് സംബന്ധിച്ച സർക്കാർ ഉത്തരവ് പൂർണമായും നടപ്പിൽ വരുത്താനുള്ള അനുമതി കോടതി നൽകി. ട്രംപിന്റെ ഉത്തരവ് മുസ്ലിങ്ങൾക്ക് എതിരെയുള്ള വിവേചനമാണെന്നും ട്രംപ് അമിതാധികാരം പ്രയോഗിച്ചുവെന്നുമുള്ള വാദം കോടതി തള്ളിക്കളയുകയായിരുന്നു. അഞ്ച് ജഡ്ജിമാർ യാത്രാവിലക്ക് ശരിവച്ചപ്പോൾ നാല് പേർ വിയോജനക്കുറിപ്പെഴുതി.
കുടിയേറ്റം നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡണ്ടുമാർക്ക് അധികാരമുണ്ടെന്ന് ഭൂരിപക്ഷ വിധിന്യായത്തിൽ ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സ് എഴുതി. അതേസമയം മുസ്ലിം വിരുദ്ധതയാണ് യാത്രാവിലക്കിന് ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണെന്ന് നാല് ജഡ്ജിമാർക്ക് വേണ്ടി ജസ്റ്റീസ് സോണിയാ സോട്ടോമേയർ എഴുതിയ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. യാത്രാവിലക്കിന് എതിരെ പല കീഴ്ക്കോടതികളും നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി േസ്റ്റ അനുവദിക്കാത്തതുമൂലം ഡിസംബർ മുതൽ വിലക്ക് പ്രാബല്യത്തിലുണ്ടായിരുന്നു. ഇന്നലത്തെ വിധി ട്രംപിന് വൻവിജയമായി.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണു അമേരിക്കയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ജൂണിലാണ് ട്രംപിന്റെ ഉത്തരവ് യു.എസിൽ നിലവിൽ വന്നത്. നേരത്തെ പട്ടികയിലുണ്ടായിരുന്ന ഇറാഖ്, ഛാഡ് എന്നീ രാജ്യങ്ങളെ അതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.




