മുൻ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളസ് സർക്കോസി അറസ്റ്റിൽ
പാരിസ് : മുൻ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളസ് സർക്കോസിയെ സാന്പത്തിക തിരിമറി കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധമായി തിരഞ്ഞെടുപ്പു ഫണ്ടിലേക്കു വിദേശസഹായം സ്വീകരിച്ച കേസിലാണ് സർക്കോസിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത്.
2007ൽ തിരഞ്ഞെടുപ്പ് വിജയത്തിനായി മുൻ ലിബിയൻ പ്രസിഡണ്ട് മുഅമ്മർ ഗദ്ദാഫിയിൽ നിന്ന് പണം കൈപ്പറ്റി എന്ന കേസിലാണ് സർക്കോസിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 2012ലാണ് അന്വേഷണാത്മക മാധ്യമ സ്ഥാപനമായ മീഡിയ പാർട്ട് സർക്കോസിക്കെതിരെ ആരോപണമുന്നയിച്ചത്. ഗദ്ദാഫിയിൽ നിന്ന് 50 മിൽല്യൺ യൂറോ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കൈപ്പറ്റി എന്നതായിരുന്നു ആരോപണം. 2013 മുതൽ കേസിൽ അന്വേഷണം ആരംഭിച്ചെങ്കിലും കേസിൽ ആദ്യമായാണ് സർക്കോസിയെ പോലീസ് ചോദ്യം ചെയ്യുന്നത്. സർക്കോസിയുടെ അടുത്ത സുഹൃത്തും മുൻ മന്ത്രിയുമായ ബ്രൈസ് ഹോർട്ടിഫ്യൂവിനെയും ഇതേ കേസിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് നിയമപരമായി ഉപയോഗിക്കാവുന്ന പണത്തിന്‍റെ ഇരട്ടി പണം ഉപയോഗിച്ചു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ഇതിനായി പബ്ലിക്ക് റിലേഷൻ കന്പനിയായ ബിഗ്മാലിയന്‍റെ സഹായത്തോടെ വ്യാജ ബില്ലുകൾ സമർപ്പിച്ചെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. 2016ൽ ബിസിനസുകാരനായ സയ്യിദ് തെക്കേയ്ദിൻ സർക്കോസിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ലിബിയയിൽ നിന്ന് ഒരു സ്യൂട്ട് കേസ് നിറയെ പണം സർക്കോസിക്കും അദ്ദേഹത്തിന്‍റെ മുതിർന്ന ഉദ്യോഗസ്ഥനും കൈമാറി എന്നതായിരുന്നു വെളിപ്പെടുത്തൽ.
പ്രസിഡണ്ടായ ഉടൻ ഗദ്ദാഫിയെ പാരീസിലേക്ക് ക്ഷണിച്ച സർക്കോസി തന്നെയാണ് പിന്നീട് ഗദ്ദാഫി ഭരണകൂടത്തിനെതിരെ നാറ്റോയുമായി ചേർന്നു വ്യോമാക്രമണത്തിന് ഉത്തരവു നൽകിയത്. ലിബിയയിൽ നിന്നു പലായനം ചെയ്യാൻ ശ്രമിച്ച ഗദ്ദാഫിയെ എതിരാളികൾ പിടികൂടി 2011 ഒക്ടോബറിൽ വധിക്കുകയായിരുന്നു.
ഗദ്ദാഫിയിൽ നിന്നു കിട്ടിയ ഫണ്ട് സർക്കോസിക്ക് എത്തിച്ചുകൊടുക്കുന്നതിന് ഇടനിലക്കാരനായിരുന്നുവെന്നു സംശയിക്കുന്ന ഫ്രഞ്ച് ബിസിനസുകാരൻ ജനുവരിയിൽ ബ്രിട്ടനിൽ അറസ്റ്റിലായതിനെത്തുടർന്നാണ് കേസ് വഴിത്തിരിവിൽ എത്തിയത്. ഗദ്ദാഫി ഭരണകൂടത്തിലെ മുൻ ഉദ്യോഗസ്ഥരും ഫണ്ട് കൈമാറ്റ ആരോപണം സ്ഥിരീകരിച്ചു.
അതേസമയം സർക്കോസി ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. കേസിൽ സർക്കോസിയെ പോലീസ് വിശദമായി ചോദ്യം ചെയ്തേക്കും.

