ഉത്തർ പ്രദേശിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. സാഹിബാബാദ് ലജ്പത് നഗർ കോളനി സ്വദേശിനിയായ ഇരുപത്തിനാലുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടു പേർ യുവതിക്കു നേരെ ആസിഡൊഴിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഗാസിയാബാദിലെ മോഹൻ നഗറിലായിരുന്നു സംഭവം. ആക്രമണത്തിൽ മറ്റ് അഞ്ച് പേർക്കു കൂടി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ശാസ്ത്രിനഗർ കോളനി ബ്രാഞ്ചിലെ ഉദ്യോഗസ്ഥയായ യുവതി രാവിലെ ബസ് കാത്തുനിൽക്കുന്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നിൽ ഡൽഹി സ്വദേശനിയായ യുവതിയാണെന്ന് ഇരയായ പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. ആത്മാർഥ സ്നേഹിതരായ യുവതികൾ തമ്മിൽ കഴിഞ്ഞ ദിവസം രാത്രി വളരെ വൈകിയും ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് പറയുന്നു.

