ഇറാ­നിൽ വി­മാ­നം തകർ­ന്ന് വീണ് 66 മരണം


ടെഹ്റാൻ : ഇറാനിൽ യാത്രാ വിമാനം പർവത മേഖലയിൽ തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 66 പേരും മരിച്ചു. 60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സാഗ്രോസ് പർവത നിരയിലാണ് വിമാനം തകർന്നുവീണത്. മെഹ്റാബാദിൽ നിന്ന് പറന്നുയർന്ന് 20 മിനിറ്റിനുള്ളിലാണ് അപകടം. 

പ്രാദേശിക സമയം രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്. ടെഹ്റാനിൽ നിന്ന് ഇസ്‌ഫഹാൻ പ്രവിശ്യയിലെ യസൂജിലേക്ക് പോവുകയായിരുന്ന അസിമാൻ എയർലൈൻസിന്റെ എ.ടി.ആർ 72 വിമാനം യാത്ര പുറപ്പെട്ട് 20 മിനിട്ടിന് ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും തകർന്ന് വീഴുകയുമായിരുന്നു. വിമാനം അടിയന്തരമായി നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പർവതമേഖലയ ആയതിനാൽ തന്നെ ആംബുലൻസുകൾക്ക് എത്തിപ്പെടാനാവാത്ത സാഹചര്യമായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് കരുതുന്നു. 

ടെഹ്റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാൻ എയർലൈൻസ് ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കന്പനിയാണ്. ആഭ്യന്തര സർവീസുകൾക്ക് കഴിഞ്ഞ 20 വർഷമായി ഉപയോഗിക്കുന്നതാണ് വിമാനം. 

വ്യാപാര ഇടപാടുകളിൽ വർഷങ്ങളായി തുടർന്നുവന്ന രാജ്യാന്തര വിലക്കുകൾ കാരണം ഇറാനിലെ വിമാനങ്ങൾക്കെല്ലാം ഏറെ വർഷത്തെ പഴക്കമുള്ളവായാണ്. കാലപ്പഴക്കം വന്ന വിമാനം തകർന്ന് ഒട്ടേറെ പേർ കൊല്ലപ്പെടുയും ചെയ്തിട്ടുണ്ട്. ഉപരോധങ്ങൾ മയപ്പെട്ടതിനെത്തുടർന്ന് അടുത്തിടെ എയർബസ്, ബോയിംഗ് കന്പനികളുമായി വിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച കരാറുകളും ഇറാൻ സർക്കാർ ഒപ്പിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed