കവർച്ചക്കാരുടെ അക്രമണത്താൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ യുവാവിന് സഹായം ആവശ്യം
മനാമ: ബഹ്‌റൈനിൽ കവർച്ചക്കാരുടെ അക്രമത്തിനിരയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് സുമനസ്സുകളായ പ്രവാസികളുടെ സഹായം ആവശ്യമുണ്ട്. കൊല്ലം നിലമേൽ സ്വദേശി അഫ്‌സലാണ് (30) നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് കീഴെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ സൽമാനിയ ആശുപത്രിയിൽ കഴിയുന്നത്.
മനാമയിലെ ഫിഷ് റൗണ്ട് എബൗട്ടിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന അഫ്‌സൽ കട അടച്ച് രാത്രി 12 മണിയോടെ ഭക്ഷണം വാങ്ങാനാണ് ഈ ഭാഗത്തെത്തിയത്.
ഭക്ഷണം വാങ്ങി തിരിച്ചു വരുന്പോൾ രണ്ടുപേർ ചേർന്ന് അഫ്‌സലിന്റെ മണിപേഴ്‌സ് തട്ടിയെടുത്ത് തൊട്ടടുത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറുകയായിരുന്നു. മോഷ്ടാക്കൾക്ക് പിറകേ ഇവിടെ എത്തിയ അഫ്‌സലിനെ കെട്ടിടത്തിന് മുകളിൽ െവച്ച് കൂടുതൽ പേർ വളയുകയും താഴേയ്ക്ക് തള്ളിയിടുകയുമായിരുന്നു. താഴെ ഒരു കടയുടെ മേൽക്കൂരയിലിടിച്ച് റോഡിലേയ്ക്ക് തെറിച്ച് വീണ അഫ്‌സലിനെ ചിലർ വിവരമറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പോലിസാണ് ആശുപത്രിയിലാക്കിയത്. ഇടത് തോളെല്ലിനും നട്ടെല്ലിനും ഗുരുതരമായി പൊട്ടലേറ്റ അഫ്‌സലിന്റെ അരയ്ക്ക് താഴെ ചലനം ബുദ്ധിമുട്ടുള്ള അവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഇത് പൂർവ്വസ്ഥിതിയാലാകാൻ ഏകദേശം ആറ് മാസമെങ്കിലും ആവശ്യമാണെന്നാണ് അഫ്‌സലിനെ ചികിത്സിച്ച ഡോക്ടർ അറിയിച്ചത്.
നാട്ടിലേയ്ക്ക് കൊണ്ടുപോയി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാൽ അരയ്ക്ക് കീഴെയുള്ള ചലന ശേഷി വീണ്ടെടുക്കാമെന്നും അദ്ദേഹത്തെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാമെന്നുമാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. നാട്ടിലേയ്ക്ക് കൊണ്ടുപോകണമെങ്കിൽ ഒരു സ്‌ട്രൈക്ചറിൽ പ്രത്യേകമായി സജ്ജീകരിച്ച കിടക്കയിൽ കിടത്തി ഒരു നഴ്‌സിന്റെ പരിചരണത്തോടെ മാത്രമേ സാധ്യമാകുകയുള്ളൂ. വിമാനത്തിൽ പ്രത്യേക സംവിധാനം ഇതിനായി ഒരുക്കേണ്ടതുണ്ട്. ഇതിനെല്ലാം കൂടി ഏകദേശം 2500 ദിനാർ (ഏകദേശം 4,25,000 രൂപയോളം) ചിലവ് വരുമെന്നാണ് കരുതുന്നത്.
നാട്ടിൽ വാടക വീട്ടിൽ കഴിയുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ അഫ്‌സൽ മൂന്ന് മാസം മുന്പാണ് മനാമയിലെ മൊബൈൽ ഷോപ്പിൽ ജോലിക്ക് പ്രവേശിച്ചത്. അതുകൊണ്ടുതന്നെ ഇത്രയും വലിയ ഒരു തുക ഉണ്ടാക്കുന്നതിന് അദ്ദേഹത്തിനോ കൂടെയുള്ളവർക്കോ സാധിക്കില്ല. ബഹ്‌റൈനിലെ ചില സംഘടനാ പ്രതിനിധികൾ അഫ്‌സലിനെ സന്ദർശിച്ചിട്ടുണ്ടെങ്കിലും നാട്ടിലേയ്ക്ക് കൊണ്ടു പോകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും സുമനസ്സുകളായ പ്രവാസികളും സഹായിച്ചാൽ മാത്രമേ ഈ യുവാവിനെ നാട്ടിലയക്കാൻ കഴിയുകയുള്ളൂ. നാട്ടിലുള്ള നിരവധി പേർക്ക് സഹായങ്ങൾ ചെയ്യുകയും ബഹ്‌റൈനിലെ ജീവകാരുണ്യ സംഘടനകൾക്ക് വരെ സഹായം നൽകുകയും ചെയ്യുന്ന പ്രവാസികൾ ഈ യുവാവിന്റെ കാര്യത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.

