മലയാളി സംഘടനകൾ തിരഞ്ഞെടുപ്പ് ചൂടിൽ
രാജീവ് വെള്ളിക്കോത്ത്
മനാമ : ഇന്ത്യൻ സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ചൂടാറുന്നതിന് മുന്പ് തന്നെ ബഹ്‌റൈനിലെ പ്രമുഖ മലയാളി സംഘടനകൾ മിക്കതും അവരുടെ തിരഞ്ഞെടുപ്പ് പ്രക്രയകളിൽ സജീവമായി തുടങ്ങി. ഇതിൽ രജിസ്‌ട്രേഡ് സംഘടനകൾ മന്ത്രാലയത്തിന്റെ അനുമതിയോടെയും അനുശാസിക്കുന്ന നിയമങ്ങൾക്കനുസൃതമായും തിരഞ്ഞെടുപ്പ് നടത്തുന്പോൾ രജിസ്‌ട്രേഷൻ ഇല്ലാത്ത മലയാളി കൂട്ടായ്മകളും അടുത്ത പ്രവർത്തന വർഷത്തെ ഭരണ സമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. മലയാളികളുടെ മാതൃസംഘടനയായി അറിയപ്പെട്ടുന്ന ബഹ്‌റൈൻ കേരളീയ സമാജം, സെഗയയിൽ പ്രവർത്തിക്കുന്ന കേരളാ കാത്തലിക് അസോസിയേഷൻ, സൽമാനിയയിൽ പ്രവർത്തിക്കുന്ന എസ്.എൻ.സി.എസ്, സീറോ മലബാർ സൊസൈറ്റി തുടങ്ങിയ സംഘടനകളിലൊക്കെ മാർച്ച്, ഏപ്രിൽ മാസത്തോടെ തിരഞ്ഞെടുപ്പ് നടപടിക്രമീകരണങ്ങൾ പൂർത്തീകരിക്കുവാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതിൽ ബഹ്‌റൈൻ കേരളീയ സമാജം, സിംസ് ഒഴികെയുള്ള സംഘടനകളിൽ രണ്ട് വർഷത്തേയ്ക്കുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുക്കുന്നത്. കേരളീയ സമാജത്തിലും, സിംസിലും എല്ലാ വർഷവും ഭരണസമിതി മാറണമെന്നാണ് അവരുടെ ഭരണഘടനയിൽ അനുശാസിക്കുന്നത്. പൊതുസമ്മതരായ വ്യക്തികളെ തങ്ങളുടെ സംഘടനകളുടെ തലപ്പത്ത് കൊണ്ടുവരുന്ന പ്രവണതയാണ് നേരത്തെ മലയാളി സംഘടനകളിൽ കണ്ടുവന്നിരുന്നതെങ്കിലും അടുത്തകാലത്തായി ആശയപരമായും രാഷ്ട്രീയപരമായുമൊക്കെ വിയോജിപ്പുള്ളവർ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട്തന്നെ പല സംഘടനകളും വീറും വാശിയും നിറഞ്ഞ വോട്ടെടുപ്പിലൂടെയാണ് ഇപ്പോൾ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇപ്പോൾ തുടർച്ചയായ വർഷങ്ങളിൽ വോട്ടെടുപ്പിലൂടെ തന്നെയാണ് ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. കെ.സി.എയുടെ ചരിത്രത്തിൽ ഒരു തവണ ഒഴിച്ചാൽ ബാക്കി എല്ലാ വർഷവും പൊതുസമ്മതരായവരെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കുന്ന പതിവാണുണ്ടായിരുന്നത്. ഇവിടെ ഇത്തവണ തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. എസ്.എൻ.സി.എസിൽ മാർച്ച് മാസം അവസാനവാരത്തോടെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ഇവിടെ സമവായത്തിലൂടെ ഭരണ സമിതിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണയും തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾക്കായി തിരഞ്ഞെടുപ്പ് ഓഫീസറായി കെ.കെ പ്രശാന്തിനെ നിയമിച്ചിട്ടുണ്ട്. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നത് മന്ത്രാലയത്തിന്റെ അനുമതിയോടെ മൂന്ന് വർഷത്തിൽ ഒരിക്കലേയ്ക്ക് മാറ്റിയതിനാൽ ഇത്തവണ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. ബഹ്റൈനിലെ തന്നെ ഏറ്റവും വലിയ സംഘടനയായ കെ.എം.സി.സിയിലും മൂന്ന് വർഷം കൂടുന്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വർഷമാണ് ഇവിടെ ഇനി തിരഞ്ഞെടുപ്പ് ഉണ്ടാവുക. കേരളീയ സമാജത്തിൽ ഉല്ലാസ് കാരണവരെയും, കെ.സി.എയിൽ മാത്യു ജോസഫിനെയും തിരഞ്ഞെടുപ്പ് ഓഫീസർമാരായ നിയമിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
രാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിക്കുന്ന സംഘടനകളുടെ തിരഞ്ഞെടുപ്പാണ് മിക്കവാറും എല്ലായിടത്തും നടക്കുന്നതെങ്കിലും എല്ലാ സംഘടനകൾക്കുള്ളിലും വിഭാഗീയതകളും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കുന്നതോടെയാണ് തിരഞ്ഞെടുപ്പിലേയ്ക്ക് കാര്യങ്ങൾ ചെന്നെത്തുന്നത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി പരസ്പരം മത്സരിക്കാൻ തുടങ്ങുന്നതാണ് ബഹ്‌റൈനിലെ മിക്ക സംഘടനകളിലും വോട്ടെടുപ്പ് വേണ്ടിവരുന്ന ഘട്ടത്തിലേയ്ക്ക് എത്തിക്കുന്നത് എന്നതാണ് യാത്ഥാർത്ഥ്യം. ഒരു വർഷംകൊണ്ട് ചെയ്ത് തീർക്കാവുന്നതിലും അപ്പുറം കാര്യങ്ങളാണ് സംഘടനയ്ക്ക് ഈ കാലയളവിൽ ചെയ്ത് തീർക്കാനുള്ളത്. അതുകൊണ്ട്തന്നെ വലിയ ഒരു സാന്പത്തിക ബാധ്യതയാണ് കമ്മിറ്റിക്ക് മുൻപാകെ വന്നുചേരുന്നത്. ബഹ്‌റൈനിലെ പ്രമുഖ വാണിജ്യ വ്യവസായ ബാങ്കിംഗ് സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെയാണ് സംഘടനകളുടെ പരിപാടികൾക്ക് വേണ്ടുന്ന സാന്പത്തിക സഹായങ്ങൾ സ്വരൂപിക്കുന്നത്. വലുതും ചെറുതുമായ സംഘടനകളുടെ എണ്ണം കൂടി വന്നപ്പോൾ സ്പോൺസർഷിപ്പുകൾ നൽകുന്ന കന്പനികളുടെ വിഹിതങ്ങളും കുറഞ്ഞ് വന്നു. ഇതോടെ സംഘടനകളുടെ പ്രവർത്തനം നടത്തിക്കൊണ്ടുപോവുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായി തീർന്നിട്ടുണ്ട്. എന്നിട്ടും വിവിധ സ്ഥാനങ്ങളിലേയ്ക്ക് വരുന്നതിന് വേണ്ടി പലരും മത്സരരംഗത്ത് സജീവമാകുന്നത് അവർക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനമാനങ്ങൾ കൊണ്ട്തന്നെയാണ്. വളരെ ചുരുക്കം പേരാണ് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമായി മുന്പോട്ട് വരുന്നത്. പ്രവാസികൾക്ക് വേണ്ടി നിരവധി സേവന പ്രവർത്തനങ്ങളും ഇത്തരം വ്യക്തികൾ നടത്തുന്നു. പ്രവാസികൾക്ക് അന്യമാകുന്ന പല സാംസ്കാരിക പരിപാടികളും ഇത്തരം സംഘടനകളിലൂടെ നടത്താൻ മുൻകൈയെടുക്കുന്നവരും ഉണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇത്തവണ രണ്ട് പാനലുകളാണ് മത്സരരംഗത്തുണ്ടാവുക എന്ന കാര്യം ഏകദേശം തീർച്ചയായിട്ടുണ്ട്. നിലവിലെ ഭരണ സമിതിയെ പിന്തുണയ്ക്കുന്നവരുടെ പാനലും എതിർകക്ഷികളുടെ പാനലും തമ്മിലുള്ള മത്സരമാണ് പ്രധാനമായും നടക്കുക. ഇവിടുത്തെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പല സ്ഥലങ്ങളും കേന്ദ്രീകരിച്ചുകൊണ്ട് ഗ്രൂപ്പ് യോഗങ്ങളും തിരഞ്ഞെടുപ്പ് ക്യാന്പയിനുകളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വാർഷിക വരിസംഖ്യ കൃത്യമായി അടയ്ക്കുന്നവർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. അതുകൊണ്ട്തന്നെ കൃത്യമായി വരിസംഖ്യ അടയ്ക്കാൻ പ്രയാസമുള്ളവരെ അത് അടച്ച് തീർക്കാൻ പാനലുകൾ തന്നെ സഹായിക്കുന്നുമുണ്ട് എന്നതാണ് അണിയറ സംസാരം. ഇതിന് പകരം വോട്ടുകൾ അവർക്ക് നൽകണമെന്ന് മാത്രം. സമാജം തിരഞ്ഞെടുപ്പ് രണ്ട് വർഷത്തേയ്ക്ക് ഒരിക്കൽമാത്രമാക്കണമെന്നും അത് ഭരണ സമിതിക്ക് കുറച്ചു കൂടി പ്രവർത്തനങ്ങൾ നടത്തുന്നതിന് എളുപ്പമായിരിക്കുമെന്നും ആവശ്യപ്പെടുന്നവരും ഏറെ.
കെ.സി.എയിൽ ആകെയുള്ള 400 സ്ഥിരം അംഗങ്ങളിൽ വരിസംഖ്യ പുതുക്കി വോട്ടവകാശം നേടിയിട്ടുള്ളവർ വളരെ ചുരുക്കം പേർ മാത്രമാണ്. ഇവിടെയും കമ്മിറ്റിയിലേയ്ക്ക് ഒന്നിൽ കൂടുതൽ പാനലോ അല്ലെങ്കിൽ പാനലുകൾക്ക് പുറത്ത് നിന്ന് സ്ഥാനാർത്ഥികളോ മത്സര രംഗത്തുണ്ടാകുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പാനലും അവരെ പിന്തുണയ്ക്കുന്നവരുടെയും യോഗം സൽമാനിയയിൽ െവച്ച് ചേർന്നിരുന്നു. സിംസ് അടുത്ത വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചില്ലെങ്കിലും അണിയറയിൽ അംഗങ്ങൾ അതിനുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ സമാവായത്തിന് വേണ്ടി പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ ഇവിടെയും വോട്ടെടുപ്പ് വേണ്ടി വന്നിരുന്നു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനെയാണ് എല്ലാ സംഘടനയിലെ അംഗങ്ങളും അനുകൂലിക്കുന്നത്. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ഭരണ സമിതിക്ക് ഉണ്ടാകുമെന്നുള്ള കാര്യം കൂടാതെ സംഘടനയിൽ വോട്ടെടുപ്പ് വേണ്ടി വരുന്പോൾ എല്ലാ അംഗങ്ങളും അവരുടെ കുടിശ്ശിക വരിസംഖ്യ അടയ്ക്കുമെന്നുള്ളതും അത് സംഘടനക്ക് സാന്പത്തിക നേട്ടം ഉണ്ടാകുമെന്നുള്ളതും തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവർ നേട്ടമായി കാണുന്നു. എന്തായാലും പ്രവാസികൾക്ക് നാട്ടിൽ നിന്നും നഷ്ടമാകുന്ന തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ഇത്തരം സംഘടനകളിലൂടെ ഇവിടെ ലഭിക്കുമെന്നത് സന്തോഷകരമായ കാര്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ വോട്ട് പിടുത്തവും ക്യാന്പയിനുകളും ഒക്കെ പല ഹാളുകൾ കേന്ദ്രീകരിച്ച് നടക്കാനാണ് സാധ്യത.




