അഫ്ഗാനിൽ ആക്രമണം നടത്തുന്ന ചാവേറുകൾക്ക് പരിശീലനം ലഭി
കാബൂൾ : അഫ്ഗാനിൽ ആക്രമണം നടത്തുന്ന ചാവേറുകൾക്ക് പരിശീലനം ലഭിക്കുന്നതു പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള കൊച്‌ലാക്കിലാണെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവി മസൂൺ സ്റ്റനക്സായ് പറഞ്ഞു.
തീവ്രവാദികളുടെ സുരക്ഷിത സ്ഥാനവും പരിശീലനകേന്ദ്രവും അഫ്ഗാൻ അതിർത്തിക്കപ്പുറമാണെന്ന് സ്റ്റനക്സായ് പറഞ്ഞു. അഫ്ഗാനിലെ കുഴപ്പങ്ങളുടെ കാരണം ആഭ്യന്തര പ്രശ്നങ്ങളല്ല മറിച്ച് അടിച്ചേൽപ്പിച്ച യുദ്ധമാണ് അഫ്ഗാനിസ്ഥാനിൽ നടക്കുന്നത്. പാകിസ്ഥാനിലെ മതനേതാക്കൾ അവരുടെ രാജ്യത്ത് അക്രമം നടത്തുന്നതിനെ തള്ളിപ്പറയുകയും അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയുമാണെന്ന് സ്റ്റനക്സായ് കൂട്ടിച്ചേർത്തു.
ഇതിനിടെ, താലിബാനും അവർക്കു പിന്തുണ നൽകുന്നവർക്കും എതിരെ ശക്തമായ നടപടി എല്ലാ രാജ്യങ്ങളും കൈക്കൊള്ളണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. അതേസമയം കാബൂളിൽ ശനിയാഴ്ച താലിബാൻ നടത്തിയ ആംബുലൻസ് ബോംബ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നതായി അഫ്ഗാൻ ആഭ്യന്തരമന്ത്രി വെയിസ് അഹമ്മദ് ബാർമാക് പത്രസമ്മേളനത്തിൽ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 235 ആണ്. ആഭ്യന്തര മന്ത്രാലയം അടക്കം നിരവധി ഓഫീസുകളും വിദേശ എംബസികളും സ്ഥിതിചെയ്യുന്ന മേഖലയിലെ പോലീസ് ചെക്പോസ്റ്റിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ചാവേർ ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ആംബുലൻസാണ് ആക്രമണത്തിന് ഉപയോഗിച്ചത്. നിരവധി പോലീസുകാരും കൊല്ലപ്പെട്ടെന്ന് മന്ത്രി പറഞ്ഞെങ്കിലും കൃത്യമായ സംഖ്യ നൽകിയില്ല. പരിക്കേറ്റവരിൽ 30 പോലീസുകാർ ഉൾപ്പെടുന്നുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. ഒരാഴ്ച മുന്പ് കാബൂളിലെ ഇന്‍റർകോണ്ടിനെന്‍റൽ ഹോട്ടലിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയും അറസ്റ്റ് ചെയ്തു.

