അമേരിക്കയിൽ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ : അമേരിക്കയിലെ പെൻസിൽവാനിയയിലെ കാർ വാഷിംഗ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പീറ്റസ്ബർഗിൽ നിന്നും 80 കിലോമീറ്റർ മാറി സാൾട്ട്ലിക്ക് ടൗൺഷിപ്പിൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.
വില്യം പോർട്ടർഫീൽഡ് (27), ചെൽസി ക്ലൈൻ (25), കോർട്ട്നി സ്നൈഡർ (23), സെത്ത് ക്ലൈൻ (21) എന്നിവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ 28കാരി ടിമോത്തി സ്മിത്ത് അപകടനില തരണം ചെയ്ത് രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു. സെമി ആട്ടോമാറ്റിക്ക് തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കുടുംബ വഴക്കാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് കരുതുന്നു.
അതേസമയം വെടിവെയ്പ് നടത്തിയ ഇരുപത്തിയെട്ടുകാരനെ പോലീസ് പിടികൂടി. മൂന്നു തോക്കുകളുമായെത്തിയ തിമോത്തി ഓബ്രയാൻ സ്മിത്തെന്ന എന്ന ആളെയാണ് പിടികൂടിയത്. ആക്രമി നാലു പേരെ വെടിവച്ചു കൊന്നശേഷം ആത്മഹത്യയ്ക്കും ശ്രമിച്ചു. തലയ്ക്കു വെടിയേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സ്ത്രീകളാണ്. ആക്രമിക്കു കൊല്ലപ്പെട്ടവരിൽ ചിലരുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

