കൊടുങ്കാറ്റ് : ഫിലിപ്പീൻസിൽ 180 മരണം, 160 പേരെ കാണാതായി
മനില : ദക്ഷിണ ഫിലിപ്പീൻസിൽ ടെംബിൻ കൊടുങ്കാറ്റിലും മിന്നൽപ്രളയത്തിലും മരിച്ചവരുടെ എണ്ണം 180 ആയി. മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലും മരണ സംഖ്യ വർദ്ധിക്കുന്നതിന് കാരണമായെന്ന് അധികൃതർ വ്യക്തമാക്കി. സിബുകോയിലും സലൂഗിലുമാണ് ടെംബിൻ ആളപായമുണ്ടാക്കിയത്. ടുബോഡ്, പിയാഗപോ നഗരങ്ങൾ മണ്ണിനടിയിലായി. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പാറക്കൂട്ടങ്ങളും മണ്ണും കുമിഞ്ഞുകൂടിയതോടെ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. മരണസംഖ്യ ഇനിയും ഉയർനാണ് സാധ്യത. രണ്ട് കോടിയോളം പേരെ ദുരന്തം ബാധിച്ചു. കനത്ത മഴയെത്തുടർന്ന് 12,000 വീടുകളിൽ വെള്ളം കയറി. മിൻഡാനോയിലെ സലോംഗ് നദിയിൽനിന്ന് രക്ഷാപ്രവർത്തകർ 33 പേരുടെ മൃതദേഹം കണ്ടെടുത്തു.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണെന്നും പ്രദേശത്ത് മണിക്കൂറിൽ 80 മുതൽ 95 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോഴും കാറ്റു വീശുന്നതെന്നും അധികൃതർ അറിയിച്ചു. മഴയെ തുടർന്നു 39 നഗരങ്ങളിൽ പാലങ്ങളും റോഡുകളും തകരാറിലായിരുന്നു. ഇത് രക്ഷാപ്രവർത്തനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണു കാറ്റ് ഫിലിപ്പീൻസ് തീരത്ത് എത്തിയത്. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടു. സൈന്യവും പൊലീസും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ടെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും സ്ഥിതി സങ്കീർണമാക്കുന്നു. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ ഫിലിപ്പിൻസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വർഷം തോറും ഇരുപതോളം ചുഴലിക്കാറ്റ് ഫിലിപ്പീൻസിൽ ആഞ്ഞടിക്കാറുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞയാഴ്ച കിഴക്കൻ ഫിലിപ്പീൻസിലുണ്ടായ ചുഴലിക്കാറ്റിലും മഴയിലും 54 പേർ മരിച്ചിരുന്നു. 24 പേരെ ഇനിയും കണ്ടെത്താനുണ്ട്. 2013 നവംബറിൽ മധ്യ ഫിലിപ്പീൻസിലുണ്ടായ കനത്ത കാറ്റിലും മഴയിലും പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചിരുന്നു

