ഗു­ജറാ­ത്തിൽ അടു­ത്ത തി­രഞ്ഞെ­ടു­പ്പിൽ‍ അധി­കാ­രം നേ­ടു­മെ­ന്ന് രാ­ഹുൽ ഗാ­ന്ധി­


‍അഹമ്മദാബാദ് : 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റത്തിന് ശേഷം ഫലം വിലയിരുത്താൻ ഗുജറാത്തിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തുകയാണ് എന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ 70 ശതമാനം വിശ്വസിക്കാൻ നിങ്ങൾ തയ്യാറായാൽ മതി, ഫലം കാണാൻ സാധിക്കും. ഇപ്പോൾ ഗുജറാത്ത് കോൺഗ്രസിന് ആത്മവിശ്വാസം തിരികെ കിട്ടിയിരിക്കുന്നു.” രാഹുൽ പറഞ്ഞു. കോൺഗ്രസിന് വിജയിക്കാൻ സാധിക്കില്ലെന്ന തോന്നൽ ഇതോടെ മാറി. ഇനിയങ്ങോട്ട് കൂടുതൽ ശക്തമായ പ്രവർത്തനം കോൺഗ്രസ് കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ കോൺഗ്രസിന് 15−22 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നാണ് ബി.ജെ.പി പറഞ്ഞിരുന്നത്. പക്ഷേ ഫലം വന്നപ്പോൾ കണ്ടില്ലേ? മൂന്ന് നാല് മാസങ്ങൾക്ക് മുന്പ് കോൺഗ്രസ് ജയിക്കുന്നതിനെക്കുറിച്ചല്ല, തിരഞ്ഞെടുപ്പിൽ പോരാടാൻ കഴിയുമോയെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. ഒരേ സ്വരത്തിൽ ഒരേ തത്വത്തിലുറച്ച് പോരാടിയാൽ ആർക്കും പരാജയപ്പെടുത്താനാകില്ലെന്ന് ഗുജറാത്ത് ഫലം തെളിയിച്ചിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോ‍‍ഡൽ തിര‍ഞ്ഞെടുപ്പിൽ പൊളിഞ്ഞെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നിങ്ങൾ വളരെ നന്നായി പോരാടി. ബിജെപിയെ ‘ഘരാവോ’ ചെയ്യുന്നതിന് തുല്യമായി പിടിച്ചുകെട്ടാൻ നമുക്ക് സാധിച്ചു. നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പോലും അവർക്ക് സാധിച്ചില്ല.

അതേസമയം, 90 ശതമാനം കോൺഗ്രസ് പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായി പങ്കാളികളായി എന്ന് പറഞ്ഞ രാഹുൽ, 10 ശതമാനം പേർ ഇതിൽ നിന്ന് മാറി നിന്നതായും അറിയിച്ചു. അവർ‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുൽ‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ‍ രൂപപ്പെട്ട പുതിയ നേതൃത്വമാണ് ഭാവിയിൽ‍ ഗുജറാത്തിനെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾ വളരെ സസൂക്ഷ്മം പ്രവർത്തനങ്ങളെ വീക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി എംഎൽഎമാരെ ഓർമ്മിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed