ഒരു വർഷത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ്; ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്ന് കോർബിൻ
ലണ്ടൻ : ബ്രിട്ടണിൽ ഒരു വർഷത്തിനകം തിരഞ്ഞെടുപ്പു നടക്കുമെന്നും അപ്പോൾ താൻ പ്രധാനമന്ത്രിയാകുമെന്നും ലേബർ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോർബിൻ വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വീണ്ടുമൊരു ഇടക്കാല തിരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നതെന്നും അങ്ങനെ വന്നാൽ ലേബർ പാർട്ടി അധികാരത്തിലെത്തി താൻ പ്രധാനമന്ത്രിയാകുമെന്നുമാണ് കോർബ് പ്രഖ്യാപിച്ചത്.
ഈ വർഷം ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലതെ വരികയും 30 സീറ്റുകൾ അധികം നേടി ലേബർ പാർട്ടി വൻ മുന്നേറ്റം നടത്തുകയും ചെയ്തപ്പോൾ ഡിസംബറിനു മുന്പ് താൻ പ്രധാനമന്ത്രിയാകുമെന്ന് കോർബിൻ പ്രഖ്യാപിച്ചിരുന്നു.
ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കോർബിൻ 12 മാസത്തിനുള്ളിൽ ബ്രിട്ടണിൽ തിരഞ്ഞെടുപ്പു നടക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ചത്. അയർലൻഡിൽനിന്നുള്ള പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പുറത്തു നിന്നുള്ള പിന്തുണയോടെ ഭരിക്കുന്ന തെരേസ മേയുടെ ന്യൂനപക്ഷ സർക്കാർ രാഷ്ട്രീയമായി ഒട്ടും സ്ഥിരതയിലല്ല. സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് ബിൽ കഴിഞ്ഞദിവസം പാർലമെന്റിൽ പരാജയപ്പെട്ട സ്ഥിതി ഉണ്ടായി.
പ്രധാനപ്പെട്ട ബില്ലുപോലും പാസാക്കാനാകാതെ ഭരണം നടത്തുന്ന തെരേസ മേയ്ക്ക് എത്രകാലം മുന്നോട്ടുപോകാനാകുമെന്ന് കണ്ടറിയണം. ഭരണ കകക്ഷിക്കുള്ളിലെ ബ്രെക്സിറ്റ് വിരുദ്ധരാണ് സർക്കാരിന് ഏറ്റവും വലിയ തലവേദന. ഇവർ പ്രതിപക്ഷത്തോടൊപ്പം വോട്ടുചെയ്താണ് കഴിഞ്ഞ ദിവസം ബിൽ പരാജയപ്പെടുത്തിയത്. ബ്രെക്സിറ്റ് നടപടികൾക്കും ഉടന്പടി വ്യവസ്ഥകൾക്കുമെല്ലാം പാർലമെന്റിന്റെ അനുമതി വേണമെന്ന ബില്ലാണ് ഇങ്ങനെ പാസായത്.
ഈ സ്ഥിതി തുടർന്നാൽ ഇനിയും സർക്കാരിന് കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടാകും. ഇതു സർക്കാരിന്റെ നില നിൽപിനെ ബാധിക്കുകയും ചെയ്യും. ഇതു മുന്നിൽ കണ്ടാണ് ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പുണ്ടാകുമെന്ന് കോർബിൻ ഉറപ്പിച്ചു പറയുന്നത്.

