ട്രംപിനെ വിമർശിച്ച് യു.എൻ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും നയങ്ങളെ വിമർശിച്ച് ഐക്യരാഷ്ട്രസഭ രംഗത്ത്. ട്രംപ്, അമേരിക്കയെ അസമത്വങ്ങളുടെ ലോകചാന്പ്യനാക്കുമെന്ന് യു.എൻ ദാരിദ്ര്യ, മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
യു.എൻ പ്രതിനിധിയായ ഫിലിപ്പ് ആൽസ്റ്റൺ രണ്ടാഴ്ച അമേരിക്ക സന്ദർശിച്ചതിന് ശേഷമാണ് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അമേരിക്കൻ ജനതക്കിടയിൽ ദാരിദ്ര്യവും അസമത്വവും ഞെട്ടിക്കുന്നതാണെന്ന കണ്ടെത്തലാണ് ഇതിൽ പ്രധാനം.
അമേരിക്കയിലെ എട്ടിൽ ഒരാൾ ദാരിദ്ര്യം അനുഭവിക്കുന്നുവെന്നാണ് റിപ്പോർട്ട്. അതായത് 41 മില്യൺ ആളുകൾ ദരിദ്രരാണ്. 19 മില്യൺ ആളുകൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. ദരിദ്രനും സന്പന്നനും തമ്മിലെ അകലം ഏറെ കൂടുതലാണെന്നും ഫിലിപ്പ് ആൽസ്റ്റൺ കൂട്ടിച്ചേർത്തു.

