മമ്മൂട്ടിയെ അധിക്ഷേപിച്ചിട്ടില്ല

ചലച്ചിത്രോത്സവ വേദിയിൽ മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ശക്തമായ ആക്രമണം നേരിടുന്നതന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി നടി പാർവ്വതി. വിഷയത്തെക്കുറിച്ച് പാർവ്വതി പറഞ്ഞത് ഇങ്ങനെ. ‘അവിടെ ഞാൻ മമ്മൂട്ടിയെന്ന പ്രത്യേക നടനെ കുറ്റം പറയുകയല്ല ഉദ്ദേശിച്ചത്. പകരം ഒരാൾ ഒരു പ്രത്യേക അധികാരത്തിലേക്ക് എത്തിച്ചേരുകയാണെങ്കിൽ അതും കാഴ്ചക്കാരെ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തിത്വമായി തീരുകയാണെങ്കിൽ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. സ്പൈഡർമാൻ പറയുന്നത് പോലെ നിങ്ങൾക്ക് അതിമാനുഷികത്വമുണ്ടെങ്കിൽ നിങ്ങൾക്ക് ഉത്തരവാദിത്വവും ഉണ്ടാകേണ്ടതുണ്ട്. ഒരു ചെറിയ പുനർവിചിന്തനം നമ്മൾ നടത്തണം. ഞാനൊരു ഡയലോഗ് പറയുന്നതിന് മുന്പ് ഒരു പത്ത് വ്യത്യസ്തമായ രീതിയിൽ ആലോചിക്കും. ഇത് ദൃശ്യഭാഷയിലെത്തുന്പോൾ അതിന് വേറെ എന്തൊക്കെ അർത്ഥങ്ങൾ വരാം. ചിലപ്പോൾ ഞാൻ പറയുന്നത് വളരെ പിൻവാങ്ങിയുള്ള ഡയലോഗായിരിക്കും പറയുന്നത്. അപ്പോൾ അത് പിൻവാങ്ങിയുള്ളതാണെന്ന് തന്നെ കാഴ്ചക്കാരന് മനസ്സിലാകുന്ന ദൃശ്യഭാഷ നമുക്ക് വേണം. എന്നാൽ പിൻവാങ്ങിയുള്ള ഡയലോഗിനെ ഇതാണ് ശരിയെന്ന് വരുത്തി തീർത്താൽ നമ്മൾ അവിടെ കൊടുക്കുന്ന സന്ദേശം തെറ്റിപ്പോകും’.