യാങ്കൂ­ണിൽ മാ­ർ­പാ­പ്പയു­ടെ­ ദി­വ്യബലി­ക്ക് ജനലക്ഷങ്ങൾ പങ്കെ­ടു­ത്തു­


യാങ്കൂൺ : യാങ്കൂണിലെ ഇന്നലെ നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. മലയാളികളും നൂറു കണക്കിന് തമിഴ്, തെലുങ്ക് വംശജരും അടക്കം മ്യാൻമറിലെ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരും ഓസ്ട്രേലിയ, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമായി ലക്ഷക്കണക്കിനാളുകൾ ദിവ്യബലിക്കെത്തി. 

മാർപാപ്പ തങ്ങളുടെ രാജ്യത്തു വരണമെന്ന് വർഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഫ്രാൻസിസ് പാപ്പ എത്തിയെന്നത് എത്ര സന്തോഷിച്ചാലും മതിയാകാത്ത കാര്യമാണെന്ന് ഇന്ത്യൻ വംശജനും മലയാളം കൈവിടാത്തയാളുമായ ജോർജ് തോമസ് പറഞ്ഞു. കത്തോലിക്കാ സഭയുടെ തലവനായ പാപ്പയെ ഒരു നോക്കു കാണാനായി രാത്രി മുതൽ തന്നെജനങ്ങൾ മൈതാനിയിലെത്തി കാത്തു കിടന്നു. ദിവ്യബലിക്കെത്തിയ ആളുകൾക്ക് സൗജന്യ ഭക്ഷണപ്പൊതികളും വെള്ളവും സന്നദ്ധ, അത്മായ സംഘടനകളും വിവിധ രൂപതകളും ചേർന്ന് വിതരണം ചെയ്തു.

തങ്ങളുടെ പിതാവിന്‍റെ പിൻതലമുറക്കാരായ ഏതാനും പേർ മ്യാൻമറിലേക്ക് കുടിയേറിയതാണെന്നും ജനിച്ചതും വളർന്നതും മ്യാൻമറിലാണെങ്കിലും മലയാള ഭാഷയും സംസ്കാരവും കൈവിട്ടിട്ടില്ലെന്ന് കുർബാനയ്ക്കെത്തിയ കോട്ടയം സ്വദേശിയായ മൈക്കിളിന്‍റെ മകൻ ഫ്രാൻസിസ് പറഞ്ഞു. നിരവധി തമിഴ്, തെലുങ്ക് കുടുംബങ്ങളും മ്യാൻമറിലുണ്ട്. ഇവരെല്ലാം ക്രൈസ്തവ വിശ്വാസം കൈവിടാതെ കാത്തു പരിപാലിക്കുന്നുണ്ടെന്ന് മൈക്കിളും ഒപ്പമുണ്ടായിരുന്ന തമിഴരായ പോൾ ആന്‍റണിയും ജസ്റ്റിൻ ഫെർണാണ്ടസും പറഞ്ഞു. ഇന്ത്യൻ വംശജരിൽ തമിഴരും തെലുങ്കരുമാണ് കൂടുതൽ. മലയാളികൾ കുറവാണ്. മ്യാൻമറിൽ ജനിച്ചുവളർന്ന പല ഇന്ത്യൻ വംശജരും ജോലി തേടി ഓസ്ട്രേലിയ, ന്യൂസിലൻഡ്, ആഫ്രിക്ക തുടങ്ങി പല രാജ്യങ്ങളിലേക്കും പിന്നീട് കുടിയേറിയിരുന്നു. ഇന്ത്യയിൽ നിന്ന് പഴയ ബർമയിലേക്ക് ആദ്യമെത്തിയവരിൽ പലരും ദക്ഷിണേന്ത്യയിൽ നിന്നുള്ള ക്രൈസ്തവരുമായിരുന്നു. ഇവരുടെ പിന്തുടർച്ചക്കാരും പുതിയ തലമുറയിലെ ആളുകളുമെല്ലാം വിവിധ രാജ്യങ്ങളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി യാങ്കൂണിലെത്തിയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed