ഷെറിൻ മാത്യൂസിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ
ഹൂസ്റ്റൺ : അമേരിക്കയിലെ മലയാളി ദന്പതികളുടെ വളർത്തു മകളായിരുന്ന മൂന്നുവയസ്സുകാരി ഷെറിൻ മാത്യുസിന്റെ മരണത്തിൽ ദുരൂഹതകൾ തുടരുന്നു. ഷെറിന്റെ എല്ലുകൾ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂര മർദ്ദനമേറ്റതിന്റെ പാടുകൾ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ശിശുരോഗ വിദഗ്ദ്ധയായ സൂസൺ ദകിൽ ആണ് കോടതിക്കു മുന്പാകെ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേഎടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്റെ ശരീരത്തിൽ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല് കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകൾ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ ഉണങ്ങിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ഷെറിനെ ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ദത്തെടുത്ത കുടുംബത്തിൽ നിന്നുതന്നെയാണ് ഷെറിൻ ക്രൂരമർദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നൽകുന്നത്. കേസിൽ കൂടുതൽ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.
ഒക്‌ടോബർ ഏഴിനാണ് ഡാലസിലെ വീട്ടിൽ നിന്നും ഷെറിനെ കാണാതായത്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഒരു ഓടയിൽ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ ഒരു അനാഥാലയത്തിൽ നിന്നും കഴിഞ്ഞ വർഷമാണ് ദന്പതികൾ ഷെറിനെ ദത്തെടുത്തത്. ഇവർക്ക് സ്വന്തം രക്തത്തിൽ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതർ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി. ഈ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച കേസിൽ ബുധനാഴ്ച ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസിൽ ഹാജരാക്കിയപ്പോഴാണ് ഡോക്ടർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.


