യുഎസും ഇറാനും തമ്മിൽ സമാധാന നീക്കം; രഹസ്യ ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്


ഷീബ വിജയൻ

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും സമഗ്രമായൊരു സമാധാന കരാറിലേക്ക് വഴിതുറക്കുന്നതിനുമായി തയ്യാറാക്കിയ രഹസ്യ ധാരണാപത്രത്തിന്റെ (MoU) സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. കരാറിന്റെ പൂർണ്ണരൂപം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, 14 പ്രധാന വ്യവസ്ഥകൾ അടങ്ങിയ കരട് രേഖയുടെ ഉള്ളടക്കം ബ്ലൂംബെർഗ് ന്യൂസ്, അൽ അറബിയ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പുറമേ ലബനനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക, ഇറാനെതിരെയുള്ള എണ്ണ ഉപരോധങ്ങളിൽ താത്കാലിക ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഈ ധാരണാപത്രത്തിലുണ്ട്.

ലെബനനിലെ യുദ്ധമടക്കം ഇരു മുന്നണികളിലെയും എല്ലാ ശത്രുതാപരമായ നടപടികളും പരസ്പരം ഭീഷണിപ്പെടുത്തുന്ന രീതികളും ഉടൻ അവസാനിപ്പിക്കണമെന്ന് ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു. ഇതിൽ ഇസ്രായേലിനെ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും 'സഖ്യകക്ഷികൾ' എന്ന പ്രയോഗത്തിലൂടെ ലബനനിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന സൂചനയുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനും സമ്മതിച്ചിട്ടുണ്ട്. ഈ ധാരണപത്രത്തിൽ ഒപ്പുവെച്ച് പരമാവധി 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനാണ് തീരുമാനം.

കരാറിന്റെ ഭാഗമായി അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഉടൻ പിൻവലിക്കുകയും അന്തിമ കരാർ നിലവിൽ വന്ന് 30 ദിവസത്തിനകം മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുകയും ചെയ്യും. ഇതിന് പകരമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാരക്കപ്പലുകളുടെ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാൻ ഇറാനും നടപടി സ്വീകരിക്കും. ആഗോള എണ്ണവിതരണത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിന്റെ സാധാരണ പ്രവർത്തനം ലോക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാകും. കൂടാതെ ഇറാന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനായി അമേരിക്കയും പ്രാദേശിക സഖ്യകക്ഷികളും ചേര്‍ന്ന് കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിക്ക് രൂപം നല്‍കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുക.

ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) എന്നിവയുൾപ്പെടെ ഇറാനെതിരായ എല്ലാത്തരം ഉപരോധങ്ങളും യുഎസ് ഉപരോധങ്ങളും ഒരു നിശ്ചിത ഷെഡ്യൂൾ പ്രകാരം അവസാനിപ്പിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണ്. അതുവരെ ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങിയ അനുബന്ധ സേവനങ്ങൾക്കും പ്രത്യേക ഇളവുകൾ നൽകും. തങ്ങൾ ഒരിക്കലും ആണവായുധം നിർമ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാൻ വീണ്ടും ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും നിലവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭാവി എന്താകുമെന്നത് അന്തിമ ചർച്ചകളിലേക്കായി മാറ്റിവെച്ചിരിക്കുകയാണ്.

അന്തിമ കരാർ ഒപ്പുവെച്ചതിനുശേഷം ഇറാന്റെ ആണവ പദ്ധതി നിലവിലുള്ള സ്ഥിതിയിൽ തുടരുകയും അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്യും. കരാറിന്റെ ഭാഗമായി അമേരിക്ക ഇറാന്റെ മരവിപ്പിച്ചിട്ടുള്ള സാമ്പത്തിക ആസ്തികളും ഫണ്ടുകളും ക്രമേണ വിട്ടുനൽകും. കരാർ നടപ്പാക്കുന്നത് മേൽനോട്ടം വഹിക്കാൻ പ്രത്യേക സംവിധാനം സ്ഥാപിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. അന്തിമ സമാധാന കരാർ നിലവിൽ വന്നാൽ അതിന് അന്താരാഷ്ട്ര നിയമപരമായ അംഗീകാരം ലഭിക്കുന്നതിനായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ നിർബന്ധിത പ്രമേയത്തിലൂടെ അത് അംഗീകരിക്കുമെന്നതും ശ്രദ്ധേയമാണ്.

article-image

adsdasadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed