ചൈന സമാധാനം ആഗ്രഹിക്കുന്നു :പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല
ബെയ്ജിങ് : സമാധാനമാണു ചൈന ആഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രസിഡന്റ് ഷി ജിൻപിങ്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 90–ാം വാർഷികച്ചടങ്ങിൽ സംസാരിക്കവെയാണു ജിൻപിങ് നിലപാടു വ്യക്തമാക്കിയത്. കിഴക്ക്, ദക്ഷിണ ചൈനാ കടലുകളിലെ മേധാവിത്വ വിഷയത്തിലും അതിർത്തി പ്രശ്നങ്ങളിലും ചൈനയുടെ നിലപാടുകൾ ഏഷ്യയിലും ആഗോള തലത്തിലും രാജ്യങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്.
തായ്‌വാനെ തങ്ങളുടെ ഒരു പ്രവിശ്യയായാണു ചൈന കാണുന്നത്. പ്രശ്നങ്ങൾ കൈവിട്ടുപോകുമെന്നു തോന്നിയാൽ സൈന്യത്തെ അയച്ചു തയ്‌വാനെ വരുതിയിൽനിർത്താൻ ചൈന ശ്രമിച്ചേക്കും. എന്നാൽ തന്റെ പ്രസംഗത്തിൽ ഒരു രാജ്യത്തെയോ ഒരു പ്രശ്നത്തെയോ ജിൻപിങ് പേരെടുത്തു പരാമർശിച്ചില്ല.
കയ്യേറ്റമോ പ്രകോപനമോ ചൈന തേടില്ലെന്നു വ്യക്തമാക്കിയ ജിൻപിങ് എന്നാൽ തങ്ങൾക്കുനേരെയുള്ള കടന്നുകയറ്റത്തെ പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി. ചൈനയിൽനിന്ന് ഒരു ഭാഗത്തെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ അനുവദിച്ചുകൊടുക്കില്ല. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ തുടങ്ങിയവയെ ഹനിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും ജിൻപിങ് കൂട്ടിച്ചേർത്തു. അഴിമതിക്കെതിരെ പ്രസിഡന്റ് നടത്തുന്ന പോരാട്ടത്തിൽ ഏറ്റവുമധികം തിരിച്ചടി നേരിടേണ്ടി വന്നതു സൈന്യത്തിനായിരുന്നു. നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ അഴിമതിയുടെ പേരിൽ ജിൻപിങ് ജയിലിൽ അടച്ചു.

