സംശയകരമായ സംഭാഷണത്തെത്തുടർന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി
ലണ്ടൻ : സംശയകരമായ സംഭാഷണത്തെത്തുടർന്ന് സ്ലൊവാനിയയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ഇസിജെറ്റ് യാത്രാ വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ്, മൂന്നു പേർ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇതേതുടർന്ന് വിമാനം ജർമനിയിലെ കൊളോണിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. സംഭാഷണത്തിന്റെ ഉള്ളടക്കം പൊലീസ് പോലീസ് പുറത്തുവിട്ടിട്ടില്ല. കൊളോണിൽ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവം.
വിമാനത്തിനുള്ളിൽ സംശയകരമായി പെരുമാറിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബാഗുകൾ ബോംബ് സ്ക്വാർഡ് പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടർന്ന് ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.
യൂറോപ്യൻ രാജ്യങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

