ട്രംപ് മാന്യനാണെന്ന് ഭാര്യ


വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് ഭാര്യ മെലാനിയ ട്രംപ് രംഗത്ത്. ട്രംപ് മാന്യനാണെന്നും, ട്രംപിനെതിരെ സ്ത്രീകള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ വ്യാജമാണെന്നും മെലാനിയാ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള ട്രംപിൻറെ അശ്ലീല പരാമര്‍ശം റെക്കോര്‍ഡ് ചെയ്ത നടപടി അംഗീകരിക്കാനാകില്ല. തനിക്കറിയുന്ന ട്രംപ് അത്തരത്തിലൊരാളല്ലെന്നും മെലാനിയ കൂട്ടിച്ചേർത്തു.

2005 ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇതേ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം ട്രംപിനെതിരെ രംഗത്ത് വന്നിരുന്നു. അതിനുശേഷം എട്ടോളം സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതെല്ലാം ട്രംപ് നിഷേധിക്കുകയും ചെയ്തിരുന്നു.

താന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിൽ ട്രംപിന് പശ്ചാത്താപമുണ്ട്. എങ്കിലും ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ലെന്നും പുരുഷന്‍മാരുടെ നേരംപോക്ക് മാത്രമാണിതെന്നും മെലാനിയ പറഞ്ഞു. ചില ആണുങ്ങള്‍ സംസാരിക്കുന്നതെങ്ങനെയെന്ന് എനിക്കറിയാം. ആ രീതിയില്‍ മാത്രമേ ട്രംപിന്റെ സംഭാഷണത്തെയും കണ്ടിട്ടുള്ളൂവെന്നും ട്രംപില്‍ നിന്നും മുന്‍പൊരിക്കലും ഇത്തരം സംഭാഷണം താന്‍ കേട്ടിട്ടില്ല. ആ രീതിയില്‍ ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നിപ്പോയെന്നും മെലാനിയ പറഞ്ഞു.

ഹിലരി ക്ലിന്റന്റെ കാംപെയ്ന്‍ ടീമും മാധ്യമങ്ങളും ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നടത്തുന്ന സംഘടിതമായ ആക്രമണങ്ങളാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മെലാനിയ കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed