മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള സുരക്ഷിത പരിധികൾ ലംഘിക്കപ്പെട്ടതായി മുന്നറിയിപ്പ്


ശാരിക

ജർമനിയിലെ പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ചിന്റെ പഠന റിപ്പോർട്ട് ലോകമെമ്പാടും വലിയ ആശങ്ക പടർത്തുന്നു. ജീവജാലങ്ങളുടെ സന്തുലിതമായ നിലനിൽപ്പിന് ആധാരമായ ഭൗമ അതിരുകൾ മനുഷ്യർ മറികടന്നതായാണ് ശാസ്ത്രീയ പഠനത്തിലുള്ളത്. മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള ഒൻപത് സുരക്ഷിത പരിധികളിൽ ഏഴെണ്ണവും മനുഷ്യർ മറികടന്നിരിക്കുന്നു. പ്ലാനറ്ററി ബൗണ്ടറീസ് സയൻസ് ലാബിന്റെ നേതൃത്വത്തിൽ അറുപതിലേറെ പ്രമുഖ ശാസ്ത്രജ്ഞർ ചേർന്നു തയ്യാറാക്കിയ '2026 പ്ലാനറ്ററി ഹെൽത്ത് ചെക്ക്' പഠനത്തിൽ ഗുരുതര മുന്നറിയിപ്പുകളാണുള്ളത്.

ക്ലൈമറ്റ് ചേഞ്ച്, ബയോസ്ഫിയർ ഇൻറ്റഗ്രിറ്റി, ലാൻഡ്-സിസ്റ്റം ചേഞ്ച്, ഫ്രഷ് വാട്ടർ ചേഞ്ച്, ബയോജിയോകെമിക്കൽ ഫ്ലോസ്, നോവൽ എന്റിറ്റീസ്, ഓഷ്യൻ അസിഡിഫിക്കേഷൻ എന്നീ ഏഴു പരിധികളാണ് ലംഘിക്കപ്പെട്ടത്. ഭൂമിയുടെ ഓസോൺ പാളിയും അന്തരീക്ഷത്തിലെ എയ്റോസോളുകളുടെ സാന്നിധ്യവും മാത്രമാണ് നിലവിൽ സുരക്ഷിതപരിധിക്കുള്ളിലുള്ളത്. ഇതിൽ ഓസോൺ പാളിയുടെ അവസ്ഥയിൽ പുരോഗതിയുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ എയ്റോസോൾ മലിനീകരണം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുവെന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 2009-ലാണ് ശാസ്ത്രജ്ഞർ ഭൂമിയുടെ സുരക്ഷിത പ്രവർത്തന മേഖല നിർണയിക്കുന്ന പ്ലാനറ്ററി ബൗണ്ടറീസ് മാതൃക അവതരിപ്പിച്ചത്. ഈ പരിധികൾ കടക്കുന്നത് പെട്ടെന്നൊരു ദുരന്തത്തിന് കാരണമായില്ലെങ്കിലും, പരിസ്ഥിതിയിൽ തിരിച്ചുപിടിക്കാനാവാത്ത വൻ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ആമസോൺ മഴക്കാടുകൾ പോലുള്ള സ്വാഭാവിക സംവിധാനങ്ങൾ കടുത്ത സമ്മർദത്തിലാണെന്നും, ഇവ നശിക്കുന്നത് ആഗോള കാലാവസ്ഥാ സ്ഥിരതയെയും ഭക്ഷണ-കുടിവെള്ള സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സാഹചര്യം അതീവ ഗുരുതരമാണെങ്കിലും ഭൂമിയെ വീണ്ടും സുരക്ഷിത മേഖലയിലേക്ക് തിരികെ എത്തിക്കാൻ ഇനിയും സമയമുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഹരിതഗൃഹ വാതക പുറന്തള്ളൽ അടിയന്തരമായി കുറയ്ക്കുകയും പ്രകൃതിദത്ത ആവാസവ്യവസ്ഥകൾക്കു സംഭവിക്കുന്ന നാശനഷ്ടങ്ങൾ തടയുകയും ചെയ്താൽ ഭൂമിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് ഗവേഷണഫലം വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട പ്രശ്നങ്ങളായി കാണാതെ, ആഗോള പരിസ്ഥിതി പ്രതിസന്ധിയുടെ ഭാഗമായി മുന്നറിയിപ്പുകളെ കാണുകയും ഉടൻതന്നെ ലോകരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്നുമാണ് ശാസ്ത്രലോകം ആവശ്യപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed