ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ
പ്രദീപ് പുറവങ്കര
കെയ്‌റോ: ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ഒഫീഷ്യൽ സന്ദർശനം പൂർത്തിയാക്കി മടങ്ങി. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായി.
സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ബഹ്‌റൈൻ രാജാവിനെ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി നേരിട്ടെത്തി യാത്രയാക്കി.
മടങ്ങുന്നതിന് മുന്നോടിയായി, തനിക്കും കൂടെയുണ്ടായിരുന്ന ബഹ്‌റൈൻ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി അറിയിച്ചുകൊണ്ട് ഹിസ് മജസ്റ്റി ഹമദ് രാജാവ് ഈജിപ്ഷ്യൻ പ്രസിഡന്റിന് സന്ദേശമയച്ചു. ഇരു സഹോദര രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനും സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
ബഹ്‌റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈജിപ്ത് നൽകുന്ന പിന്തുണയെയും, മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ നടത്തുന്ന നിരന്തരമായ ആശയവിനിമയങ്ങളെയും ബഹ്‌റൈൻ രാജാവ് പ്രശംസിച്ചു. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിക്ക് നല്ല ആരോഗ്യവും സന്തോഷവും ആശംസിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈജിപ്തിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.
sdfsdf
sfdsf

