കോട്ടയത്ത് നവജാത ശിശുവിൽപ്പന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് തട്ടിപ്പ്
ശാരിക
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളുടെ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞശേഷം കുഞ്ഞുങ്ങളെ മറിച്ചുവിൽക്കുന്ന സംഘത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. 22-കാരിയായ അസം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഈരാറ്റുപേട്ട തീക്കോയി കേന്ദ്രമാക്കിയാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. പരാതി നൽകിയ അസം സ്വദേശിനിക്ക് ഒന്നരവയസ്സുള്ള ഒരു കുഞ്ഞുണ്ട്. ഇവർ രണ്ടാമതും ഗർഭിണിയായ സമയത്ത് ഈ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് ഭർത്താവും ബന്ധുക്കളുമുൾപ്പെടെ യുവതിയെ നിർബന്ധിച്ചിരുന്നു.
എന്നാൽ യുവതി അബോർഷന് തയ്യാറാകാതെ വന്നതോടെ ബന്ധുക്കൾ അവരെ വീട്ടിൽനിന്നും പുറത്താക്കുകയാണുണ്ടായത്. എങ്ങനെയെങ്കിലും ഈ കുഞ്ഞിന് സംരക്ഷണം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് യുവതി സാമൂഹികമാധ്യമങ്ങളിൽ ഇത്തരം സംഘടനകളെക്കുറിച്ച് തിരഞ്ഞത്. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ 'അർഷിദ് കെയർ' എന്ന അക്കൗണ്ട് ഇവർ കണ്ടെത്തുന്നത്.
യുവതിയുടെ അന്വേഷണങ്ങൾക്ക് കാർത്തിക് എന്നയാളാണ് അക്കൗണ്ടിൽനിന്ന് മറുപടി നൽകിയത്. പിന്നാലെ, ഇവരോട് കോട്ടയത്തെ തീക്കോയിയിലേക്ക് വരണമെന്നും അവിടെയാണ് തങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും കാർത്തിക് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 16-ാം തീയതി യുവതി കോട്ടയത്തെത്തി. ഇവരുടെ യാത്രാച്ചെലവടക്കം വഹിച്ചത് അർഷിദ് കെയർ എന്ന അക്കൗണ്ടിന്റെ പേരിലാണ്.
തീക്കോയിയിലെ ഒരു റബർ പുരയിടത്തിലെ ആളൊഴിഞ്ഞ വീടിനുള്ളിലാണ് ഈ പെൺകുട്ടി കഴിഞ്ഞ ദിവസങ്ങളിലെല്ലാം കഴിഞ്ഞിരുന്നത്. തമിഴ്നാട് സ്വദേശി രാജൻ, വാഗമൺ സ്വദേശിയായ അർജുൻ എന്നിവരും യുവതിയെപ്പോലെ തന്നെ ഗർഭിണികളായ രണ്ടുപേരുമാണ് അവിടെ ഉണ്ടായിരുന്നത്. ഇവിടെവെച്ചാണ് ജനിക്കുന്ന കുഞ്ഞിനെ തങ്ങൾക്ക് നൽകണമെന്നും പകരം മൂന്നുലക്ഷം രൂപ തരാമെന്നും ഇവരോട് പറയുന്നത്.
ഇതിന്റെ ധാരണാപത്രത്തിൽ ഒപ്പുവെക്കണമെന്ന് അവർ ആവശ്യപ്പെട്ടതായും ഇതിന് വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചതായും യുവതി പറയുന്നു. വയറ്റിൽ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതോടെ അവിടെനിന്ന് രക്ഷപ്പെട്ട് റോഡിലേക്ക് ഓടിയെത്തുകയായിരുന്നുവെന്നും, തുടർന്ന് നാട്ടുകാരാണ് തന്നെ പോലീസിൽ ഏൽപ്പിച്ചതെന്നും യുവതി വ്യക്തമാക്കുന്നു.
sdfsdf

