എൽഡിഎഫ് ഉപനേതൃസ്ഥാനം സിപിഐക്ക് അർഹതപ്പെട്ടത്, ചർച്ചകൾ തുടരുന്നു: ഡി. രാജ
ശാരിക l കേരളം
ന്യുഡൽഹി: കേരള നിയമസഭയിലെ ഭരണപക്ഷ (എൽഡിഎഫ്) ഉപനേതൃസ്ഥാനത്തിന് സിപിഐക്ക് പൂർണ്ണ അർഹതയുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. എൽഡിഎഫിൻ്റെ പ്രധാന ഘടകകക്ഷിയാണ് സിപിഐ. ഉപനേതൃപദവി സംബന്ധിച്ച വിഷയം അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ചർച്ചകൾ നടത്തിയതായും ഡി. രാജ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉപനേതൃസ്ഥാനത്തെ ചൊല്ലി സംസ്ഥാനത്ത് ഇരുപാർട്ടികളും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതിനിടെയാണ്, ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി സിപിഐ ദേശീയ നേതൃത്വം നേരിട്ട് രംഗത്തുവന്നിരിക്കുന്നത്. വിഷയത്തിൽ ഇരു പാർട്ടികളുടേയും ദേശീയ നേതൃത്വങ്ങൾ ഇടപെട്ടിട്ടുണ്ടെന്നാണ് ഡി. രാജയുടെ വാക്കുകൾ നൽകുന്ന സൂചന. എന്നാൽ, പ്രതിപക്ഷ ഉപനേതൃസ്ഥാനം (എൽഡിഎഫ് ഉപനേതൃത്വം) അടഞ്ഞ അധ്യായമാണെന്ന നിലപാടിലായിരുന്നു കേരളത്തിലെ സിപിഎം നേതാക്കൾ. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് എൽഡിഎഫ് കൺവീനറും സമാനമായ രീതിയിലാണ് പ്രതികരിച്ചിരുന്നത്. ഈ തർക്കത്തിൽ അന്തിമ തീരുമാനമാവാത്ത സാഹചര്യത്തിൽ എൽഡിഎഫ് നിയമസഭ കക്ഷിയോഗം പോലും ഇതുവരെ ചേരാൻ സാധിച്ചിട്ടില്ല.
വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലം തൊട്ട് നിയമസഭയിലെ മുന്നണി ഉപനേതൃപദവി സിപിഎമ്മിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ ആ കീഴ്‌വഴക്കത്തിൽ മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം നേതാക്കൾ. എന്നാൽ, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഈ പദവി തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.
dfgdfg

