അഭിമന്യു വധക്കേസ്; പ്രതികള്‍ക്കുമേല്‍ അധിക കുറ്റം ചുമത്താന്‍ കോടതിയുടെ അനുമതി
ഷീബ വിജയൻ
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുമേല്‍ ഒരു വകുപ്പ് കൂടി ചുമത്താന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. കേസില്‍ 16 പ്രതികളും വരുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും, ചുമത്തിയ ഐപിസി 323 വകുപ്പ് വായിച്ച് കേള്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഇന്ന് നേരിട്ട് ഹാജരാകാത്തതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജിയിലാണ് നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. സമയപരിധി നീട്ടിനല്‍കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതി വേഗത്തിലാക്കുന്നത്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജില്‍ വെച്ച് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു കൊല്ലപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസിൽ ആകെ 30 പേരുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 16 പേർക്കെതിരെയാണ് 1,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. എട്ട് വർഷമായി വിചാരണ നീണ്ടുപോയ കേസിൽ, മുഖ്യപ്രതിയെ പിടികൂടാത്തതും കോടതി കസ്റ്റഡിയിൽനിന്ന് 11 സുപ്രധാന രേഖകൾ കാണാതായതും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
asdsddsads

